ഇന്ത്യ x ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി-20 രാത്രി ഏഴ് മുതൽ
Sunday, December 10, 2023 1:33 AM IST
ഡർബൻ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഇന്നു തുടക്കമാകും. ഇരുടീമും തമ്മിലുള്ള മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ പോരാട്ടം ഇന്ന് ഇന്ത്യൻ സമയം രാത്രി ഏഴിന് ആരംഭിക്കും. ഓസ്ട്രേലിയയ്ക്കെതിരേ നിർത്തിയിടത്തുനിന്ന് തുടങ്ങാനാണ് സൂര്യകുമാർ യാദവും സംഘവും ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയാണെങ്കിൽ പുതിയ തുടക്കത്തിനും.
ഡർബനിലെ കിംഗ്സ്മെഡ് സ്റ്റേഡിയത്തിലാണ് ട്വന്റി 20 പരന്പരയിലെ ആദ്യ മത്സരം നടക്കുക. അടുത്ത വർഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഒരുങ്ങൾക്കാണ് ഇരുടീമും ഇറങ്ങുന്നത്. ലോകകപ്പിനു മുന്പ് ദക്ഷിണാഫ്രിക്കയ്ക്ക് വെസ്റ്റ് ഇൻഡീസ് പര്യടനം ശേഷിക്കുന്നുണ്ട്.
2024 ലോകകപ്പിനു മുന്പ് അഫ്ഗാനിസ്ഥാനെതിരേയാണ് ഇന്ത്യയുടെ അടുത്ത ട്വന്റി-20 പരന്പര. അതുകൊണ്ടുതന്നെ ഇരുടീമിനും ലോകകപ്പിനുള്ള കളിക്കാരെ കണ്ടെത്തുന്നതിനുള്ള അവസരമായാണിത്.
ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടു പുതുമുഖങ്ങളുണ്ട്, രണ്ടുപേരും പേസർമാരാണ്. ഇടംകൈയൻ നാൻഡ്രി ബർഗറും വലംകൈ മീഡിയം പേസർ ഓട്ട്നെയ്ൽ ബാർട്ട്മാനുമാണ്. ഒരു അന്താരാഷ്ട്ര ട്വന്റി 20 മാത്രം കളിച്ചിട്ടുള്ള ഓപ്പണർ മാത്യു ബ്രീറ്റ്സ്കെയ്ക്ക് മൂന്നു മത്സരത്തിലും കളിക്കാൻ അവസരം ലഭിച്ചേക്കും.
ഇന്ത്യൻ ടീമിൽ പുതുമുഖങ്ങൾ ആരുമില്ലെങ്കിലും മുകേഷ് കുമാർ, മുഹമ്മദ് സിറാജ്, റിങ്കു സിംഗ്, ജിതേഷ് ശർമ എന്നിവർ പത്തോ അതിൽ താഴെയോ രാജ്യാന്തര ട്വന്റി-20 പരിചയം മാത്രമുള്ളവരാണ്. ലോകകപ്പിനുശേഷം സൂര്യകുമാർ യാദവിനു കീഴിൽ ഇന്ത്യയുടെ യുവടീം ഓസ്ട്രേലിയയ്ക്കെതിരേ 4-1ന് ട്വന്റി-20 പരന്പര നേടിയിരുന്നു.
ലോകകപ്പിനുശേഷം പുതിയൊരു തിരിച്ചുവരവാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. ദക്ഷിണാഫ്രിക്കയുടെ സ്ഥിരം ഓപ്പണർ ക്വിന്റണ് ഡികോക്ക് പരന്പരയിൽ ഇല്ലാത്ത സ്ഥിതിക്ക് റീസ ഹെൻഡ്രിക്സിന് ആ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമുണ്ട്.
ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയി ഐസിസി ട്വന്റി-20 ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തിയിരുന്നു.