ഒന്നാമൻ ബ്ലാസ്റ്റേഴ്സ്
Sunday, November 26, 2023 1:49 AM IST
കൊച്ചി: ഇടവേളയ്ക്കുശേഷം പുനരാരംഭിച്ച ഐഎസ്എല്‍ ഫുട്ബോളില്‍ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത്. സ്വന്തം കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് ഹൈദരാബാദ് എഫ്സിയെ തോല്‍പ്പിച്ചു.
41-ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍സിച്ച് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിനു ജയമൊരുക്കിയത്. ഏഴു കളിയിൽ 16 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. രണ്ടാമതുള്ള എഫ്സി ഗോവയ്ക്ക് 13 പോയിന്റും.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മിനിറ്റില്‍ തന്നെ് ഗോളിനടുത്തെത്തി.
ബോക്സിനകത്തേക്ക് പ്രീതം കോട്ടാല്‍ നല്കിയ പന്ത് നിയന്ത്രണത്തിലാക്കാന്‍ ക്വാമെ പെപ്രയ്ക്ക് കഴിഞ്ഞില്ല. ഹൈദരാബാദില്‍നിന്നും മികച്ച നീക്കങ്ങള്വന്നു. 18-ാം മിനിറ്റില്‍ ജൊനാഥന് മോയയുടെ ശ്രമം പ്രതിരോധത്തില്‍ തട്ടി തെറിച്ചു. തൊട്ടടുത്ത മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ഒസ്വാള്‍ഡോ അലാനിസിന്റെ ശക്തമായ ഹെഡര്‍ ഗോള്‍കീപ്പര്‍ സച്ചിന് സുരേഷ് അതിലും മികവോടെ തട്ടിയിട്ടു. ബ്ലാസ്റ്റേഴ്സ് പന്തില്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്തി.
ഗോളിലേക്കുള്ള വഴി
41-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ഫ്രീക്കിക്കില്‍ നിന്നുള്ള അപകടകരമായ പന്ത് ബോക്സിനകത്ത് ഹൈദരാബാദ് താരം കോര്‍ണറിന് വഴങ്ങി ക്ലിയര്‍ ചെയ്തു. കോര്‍ണര്‍ കിക്കിലെ ഗോള്‍ശ്രമം ബ്ലാസ്റ്റേഴ്സിന്റെ വീര്യം കൂട്ടി. വലത് വിംഗില്‍ നിന്ന് ഡയ്സുകെ നല്കിയ പന്ത് സ്വീകരിച്ച ലൂണ ബോക്സിനകത്ത് ഡ്രിന്‍സിച്ചിന് നല്കി.
പ്രതിരോധ താരങ്ങള്‍ പിന്നില്‍ നില്‍ക്കേ, മുന്നിലെത്തിയ ഗോളിയെയും മറികടന്ന് ഡ്രിന്‍സിച്ച് പന്ത് വലയുടെ ഒത്തനടുവില്‍ നിക്ഷേപിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ശ്രമകരമായ ആങ്കിളില്‍ നിന്ന് ലീഡുയര്‍ത്താനുള്ള മുഹമ്മദ് അയ്മന്റെ ശ്രമം ഹൈദരാബാദ് തടഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് അവസരം വന്നു, ആദ്യ ഗോളിനു സമാനമായിരുന്നു ഇത്. കോര്‍ണര്‍ കിക്കില്‍ നിന്ന് അഡ്രിയാന്‍ ലൂണ ബോക്സിനകത്തേക്ക് ഡ്രിന്‍സിച്ചിനെ ലക്ഷ്യമാക്കി ക്രോസ് നല്കി.
ബോക്സിന് നടുവില്‍ ഡ്രിന്‍സിച്ച് ശക്തമായ ഹെഡറിന് ശ്രമിച്ചു. ഉയര്‍ന്നുപൊങ്ങിയ ഗുര്‍മീത് സിംഗ് വിരല്‍ സ്പര്‍ശത്താല്‍ പന്തിന്റെ ഗതിമാറ്റി. കളിയിലേക്ക് തിരിച്ചെത്താന്‍ ഹൈദരാബാദ് ശ്രമിച്ചെങ്കിലും ശക്തമായ പ്രതിരോധം ഭേദിക്കാനായില്ല. പന്തില്‍ അധികം ആധിപത്യം പുലര്‍ത്താനുമായില്ല.
വലകാത്ത് സച്ചിൻ
ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിക്കുന്ന ചില നീക്കങ്ങള്‍ ഹൈദരാബാദില്‍നിന്നു വന്നു. നോള്‍സിന്റെ ഹെഡര്‍ സച്ചിന് കുത്തിയകറ്റി.
രാംഹ്ലുൻചുംഗയുടെ മികച്ചൊരു ഷോട്ട് അവിശ്വസനീയമായ മികവോടെ സച്ചിന് തട്ടിയകറ്റിയത് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആശ്വാസമായി.