ഓസ്ട്രേലിയ-ഇന്ത്യ ട്വന്റി20 പരന്പര ഇന്നു മുതൽ
Thursday, November 23, 2023 1:37 AM IST
വിശാഖപട്ടണം: ലോകകപ്പ് ഫൈനൽ പോരാട്ടത്തിന്റെ ചൂടാറുംമുന്‍പേ ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും പിച്ചിൽ. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു മത്സര ട്വന്റി20 പരന്പര ഇന്നു വിശാഖപട്ടണത്ത് ആരംഭിക്കും.
മുതിർന്ന താരങ്ങൾക്കു വിശ്രമം അനുവദിച്ച ഇന്ത്യയെ സൂര്യകുമാർ യാദവാണു നയിക്കുന്നത്. രാത്രി ഏഴു മുതൽ നടക്കുന്ന മത്സരം ജിയോ സിനിമയിലും സ്പോർട്സ് 18നിലും തത്സമയം.
യുവനിരയെയാണ് പരന്പരയിൽ ഇന്ത്യ പരീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഭാവി ഇന്ത്യൻ ടീമിന്റെ ടാലന്റ് ഹണ്ട് കൂടിയാകും ഇനിയുള്ള പരന്പരകൾ. ലോകകപ്പ് ടീമിലുണ്ടായിരുന്ന ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ എന്നിവരും ടീമിന്റെ ഭാഗമാണ്. അവസാനത്തെ രണ്ടു കളികളിൽ ശ്രേയസ് അയ്യർ ടീമിനൊപ്പം ചേരും.
യുവനിര
ലോകകപ്പിലെ ക്ഷീണം തീർക്കാനും നായകസ്ഥാനം ഉറപ്പിക്കാനും സൂര്യകുമാറിനു മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ. ക്യാപ്റ്റൻസിയുടെ സമ്മർദം ബാറ്റിംഗിനെ ബാധിച്ചാൽ അതു തിരിച്ചടിയാകും. രാഹുൽ ദ്രാവിഡിന്റെ അഭാവത്തിൽ വി.വി.എസ്. ലക്ഷ്മണാണു ടീമിന്റെ പരിശീലകൻ.
ഋതുരാജ് ഗെയ്ക്വാദിനൊപ്പം ജയ്സ്വാളോ ഇഷാൻ കിഷനോ ഇന്ത്യക്കായി ബാറ്റിംഗ് ഓപ്പണ്‍ ചെയ്യും. സൂര്യകുമാർ നാലാമനാകും. ബൗളർമാർക്കാണ് യഥാർഥ പരീക്ഷണം. രവി ബിഷ്ണോയ് ടീമിൽ ഏറെക്കുറെ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. പേസ് നിരയിൽ പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, മുകേഷ് കുമാർ, അർഷ്ദീപ് സിംഗ് എന്നിവർ മത്സരിക്കും. അക്സർ പട്ടേലിന്റെ മടങ്ങിവരവ് ഇന്ത്യയുടെ കരുത്തു വർധിപ്പിക്കും.
ചാന്പ്യന്മാർ വീണ്ടും
മികച്ച താരനിരയാണ് മാത്യു വേഡ് നയിക്കുന്ന ഓസീസിനുള്ളത്. ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ്, ഗ്ലെൻ മാക്സ്വെൽ, ആദം സാംപ, സ്റ്റീവൻ സ്മിത്ത് എന്നിവരൊക്കെ ടീമിനു കരുത്താകും.
ഓപ്പണർ ഡേവിഡ് വാർണർ പരന്പരയിൽ കളിക്കില്ല. കെയ്ൻ റിച്ചാർഡ്സണ്, നേഥൻ എല്ലിസ്, ഷോണ്‍ ആബട്ട്, ജേസണ്‍ ബെഹ്റൻദോർഫ് എന്നിവരുടെ ബൗളിംഗിനെ ഇന്ത്യൻ യുവനിര എങ്ങനെ നേരിടുമെന്നും കണ്ടറിയണം.