ഐസിസി ഏകദിന ലോകകപ്പ്: കളി കണ്ടത് 12.25 ലക്ഷം
Wednesday, November 22, 2023 12:30 AM IST
ദുബായ്: കാണികളുടെ എണ്ണത്തിൽ പുതിയ റിക്കാർഡ് സൃഷ്ടിച്ച് ഇന്ത്യയിൽ നടന്ന ഐസിസി ഏകദിന ലോകകപ്പ്. ഇതുവരെ നടന്ന ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ കാണികളെത്തിയ ടൂർണമെന്റെന്ന റിക്കാർഡാണ് ഇന്ത്യയിൽ ഞായറാഴ്ച അവസാനിച്ച ലോകകപ്പ് സൃഷ്ടിച്ചത്.
ആറാഴ്ച നീണ്ടുനിന്ന ലോകകപ്പ് കാണാൻ 1,250,307 കാണികളാണെത്തിയത്. 2015-ൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന ലോകകപ്പിലെ കാണികളുടെ എണ്ണത്തെ ഇന്ത്യ മറികടന്നു. അന്ന് 1,016,420 പേരാണ് കളി കാണാനെത്തിയിരുന്നത്.
ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാൻ മത്സരത്തോടെ കാണികളുടെ എണ്ണം 10 ലക്ഷം പിന്നിട്ടിരുന്നു. അഹമ്മദാബാദിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ കിരീടം പോരാട്ടം കാണാനായി മാത്രം എത്തിയത് 90,000 പേരാണ്.