കളിയാരവത്തിനു തയാറായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം
Tuesday, November 21, 2023 12:57 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുമെന്ന് അവസാനം വരെ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിച്ച കാര്യവട്ടം സ്റ്റേഡിയത്തിൽ സന്നാഹമത്സരങ്ങൾ മാത്രമായി ഒതുങ്ങിയപ്പോൾ നിരാശരായ ക്രിക്കറ്റ് ആരാധകർക്ക് ആഹ്ളാദം സമ്മാനിക്കുന്ന ട്വന്റി20 മത്സരത്തിനായി കാര്യവട്ടം തയാറെടുക്കുന്നു.
ഏകദിന ലോകകപ്പിലെ കലാശപ്പോരാട്ടക്കാരായ ഇന്ത്യയും-ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുന്പോൾ ആവേശം വാനോളമുയരും. ഓസീസ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായുള്ള അഞ്ചു മത്സരങ്ങൾ ഉൾപ്പെട്ട ടി20 പരന്പരയിലെ രണ്ടാമത്തെ മത്സരമാണ് 26ന് കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്നത്.
ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ ഭാഗമായി പിച്ചും സ്റ്റേഡിയവും അറ്റുകുറ്റപ്പണികൾ നടത്തിയതിനാൽ ഇതിനോടകം തന്നെ സ്റ്റേഡിയത്തിലെ അനുബന്ധ നിർമാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. ലോകകപ്പ് സന്നാഹ മത്സരത്തിനായി ഓസ്ട്രേലിയൻ ടീമും ഇന്ത്യൻ ടീമും കാര്യവട്ടം സ്റ്റേഡിയത്തിൽ കഴിഞ്ഞ മാസം സന്നാഹ മത്സരങ്ങൾക്ക് ഇറങ്ങിയതാണ്.
സന്നാഹ മത്സരങ്ങളിൽ പലതും മഴയിൽ ഒലിച്ചുപോയെങ്കിലും പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് ഇരു ടീമുകൾക്കും ഏകദേശ ധാരണയുണ്ട്. കാര്യവട്ടത്ത് അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഏറ്റവും വലിയ ഭീഷണി പലപ്പോഴും മഴയാണ്. തുലാമഴ മത്സരത്തെ പ്രതികൂലമായി ബാധിക്കുമോ എന്നതും ഒരു ചോദ്യമായി നിൽക്കുന്നുണ്ട്.
മൂന്നിൽ രണ്ടും വിജയിച്ച് ഇന്ത്യ
ഇതിനു മുന്പ് കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന മൂന്ന് ടി20 മത്സരങ്ങളിൽ രണ്ടിൽ ഇന്ത്യയും ഒന്നിൽ വെസ്റ്റിൻഡീസുമാണ് വിജയിച്ചത്. 2017 നവംബർ ഏഴിന് നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ ആറു റണ്സിന് ഇന്ത്യ പരാജയപ്പെടുത്തി.
2019 ഡിസംബർ എട്ടിന് വെസ്റ്റിൻഡീസുമായി ഇന്ത്യ ഏറ്റുമുട്ടിയപ്പോൾ സന്ദർശകർ എട്ടുവിക്കറ്റിന്റെ മിന്നും ജയം സ്വന്തമാക്കി. 2022 സെപ്റ്റംബർ 28 ന് കാര്യവട്ടം സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടിയ ഇന്ത്യ എട്ടുവിക്കറ്റിന്റെ വിജയമാണ് നേടിയത്.
ടിക്കറ്റ് വില്പന ഉദ്ഘാടനം ഇന്ന്
ഇന്ത്യ-ഓസ്ട്രേലിയ ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്പനയുടെ ഒൗദ്യോഗിക ഉദ്ഘാടനം ഇന്നു നടക്കും. വൈകുന്നേരം നാലിന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ സിനിമാ താരം കീർത്തി സുരേഷ് ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.