സുരക്ഷ കാറ്റിൽ പറന്നു
Monday, November 20, 2023 12:58 AM IST
അഹമ്മദാബാദ്: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനിടെ വൻ സുരക്ഷാ വീഴ്ച. ഇന്ത്യൻ ഇന്നിംഗ്സിൽ സൂപ്പർ താരം വിരാട് കോഹ്ലി ബാറ്റ് ചെയ്യുന്നതിനിടെ പലസ്തീൻ അനുകൂല ടി ഷർട്ട് ധരിച്ച് യുവാവ് മൈതാനത്തേക്ക് ഓടിക്കയറി.
പിച്ചിലേക്ക് അതിക്രമിച്ചെത്തിയ ഇയാൾ കോഹ്ലിയുടെ തോളിൽ കൈയിട്ട് ചേർത്തുപിടിച്ചു. പലസ്തീനിൽ ബോംബ് വർഷം അവസാനിപ്പിക്കൂ എന്നതായിരുന്നു ജഴ്സിയിൽ എഴുതിയിരുന്നത്. പലസ്തീൻ ദേശീയ പതാകയുടെ നിറങ്ങളാൽ തീർത്ത മുഖാവരണവും ധരിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ എത്തുന്നതിന്റെയും ഖലിസ്ഥാൻ ഭീകരരുടെ ഭീഷണിയുള്ളതിനാലും വൻസുരക്ഷാ സജ്ജീകരണങ്ങളായിരുന്നു അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. മത്സരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെപോലും മൂന്ന് ഘട്ട പരിശോധനയിലൂടെ മാത്രമായിരുന്നു സ്റ്റേഡിയത്തിലേക്ക് കടത്തിവിട്ടത്. ഇതിനിടെയാണ് വൻ സുരക്ഷാ വീഴ്ചയുണ്ടായത്.