ഇന്ത്യ-നെതർലൻഡ്സ് പോരാട്ടം ഉച്ചകഴിഞ്ഞ് രണ്ട് മുതൽ
Sunday, November 12, 2023 1:44 AM IST
ബംഗളൂരു: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ലീഗ് റൗണ്ടിന് ഇന്നു സമാപനം. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും.
തുടർച്ചയായ എട്ടു ജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ഇന്ത്യക്ക്, സെമി ഫൈനലിനു മുന്പുള്ള തയാറെടുപ്പിനുള്ള അവസരമാണ് ഇന്നുള്ളത്. ഇന്ത്യയുടെ ബാറ്റിംഗ്, ബൗളിംഗ് ആക്രമണം നെതർലൻഡ്സ് എങ്ങനെ പ്രതിരോധിക്കും എന്നാണ് അറിയേണ്ടത്.
സെമിയിൽ ന്യൂസിലൻഡിനെ നേരിടുന്നതിനു മുന്പ് കളിക്കാർക്ക് ഇന്ത്യ വിശ്രമം നൽകുമോ എന്നതും സുപ്രധാന ചോദ്യം. എന്നാൽ, ടീമിൽ മൊത്തത്തിൽ മാറ്റങ്ങളൊന്നും വരുത്തില്ലെന്ന് ഇന്നലെ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവർക്കു വിശ്രമം നൽകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു ഇന്ത്യയുടെ അവസാന മത്സരം. ആറു ദിവസത്തെ വിശ്രമത്തിനുശേഷമാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ മുൻനിരക്കാർക്ക് വിശ്രമം നൽകാൻ സാധ്യതയില്ലെന്നും സൂചനയുണ്ട്.
ഏകദിനത്തിൽ സച്ചിൻ തെണ്ടുൽക്കറിന്റെ റിക്കാർഡായ 49 സെഞ്ചുറിക്ക് ഒപ്പമെത്തിയ കോഹ്ലി ഇന്ന് 50-ാം ശതകം തികയ്ക്കുമോ എന്നതിനും ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നു.
മൂന്നാമങ്കം
ഇന്ത്യയും നെതർലൻഡ്സും ഏകദിന ക്രിക്കറ്റിൽ ഏറ്റുമുട്ടുന്നത് മൂന്നാം തവണ. മുന്പ് രണ്ടു തവണയും ലോകകപ്പ് വേദിയിലായിരുന്നു ഇരുടീമും നേർക്കുനേർ ഇറങ്ങിയത്. രണ്ട് മത്സരത്തിലും ഇന്ത്യക്കായിരുന്നു ജയം. 2003 ലോകകപ്പിൽ 68 റണ്സിനും 2011 ലോകകപ്പിൽ അഞ്ച് വിക്കറ്റിനും ഇന്ത്യ ജയിച്ചു.