ചേസിംഗ് വയ്യ!
Saturday, November 11, 2023 12:03 AM IST
ഐസിസി ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ വിജയങ്ങളെല്ലാം ഫോമിന്റെയും കരുത്തിന്റെയും പ്രതിഫലനമായിരുന്നു. ബാറ്റർമാരും ബൗളർമാരും ഒരുപോലെ ഫോമിലെത്തിയത് ഇന്ത്യക്ക് അനുഗ്രഹമായി.
പലപ്പോഴും, ടീമിന്റെ കരുത്ത് അവരുടെ വിജയങ്ങളെ അടിസ്ഥാനപ്പെടുത്തി അളക്കാറുണ്ട്. അങ്ങനെ നോക്കിയാൽ, തട്ടുപൊളിപ്പൻ ജയങ്ങളുടെ പിന്തുണയോടെയാണ് ലോകകപ്പ് സെമിയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ്; ആകെ ഭയന്നത് ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങളുടെ തുടക്കത്തിൽ മാത്രം.
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഉൾപ്പെടെയുള്ള കരുത്തരെയൊക്കെ ഇന്ത്യ ഈ ജൈത്രയാത്രയിൽ തകർത്തെറിഞ്ഞു. ലീഗ് റൗണ്ടിൽ കളിച്ച എട്ടിൽ അഞ്ചു മത്സരങ്ങളും ഇന്ത്യ സ്കോർ പിന്തുടർന്നാണു ജയിച്ചത്. ഇന്ത്യൻ ബാറ്റിംഗിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. ഇന്ത്യ ഏകദിനത്തിൽ അവസാനം പിന്തുടർന്നു പരാജയപ്പെട്ട 20 മത്സരങ്ങളിൽ, ആറെണ്ണത്തിൽ മാത്രമാണ് 40 റണ്‍സിനുമേൽ മാർജിനിൽ പരാജയപ്പെട്ടത്. അതിൽത്തന്നെ അവസാനം ചേസ് ചെയ്ത അഞ്ചു മത്സരങ്ങളിലും ലക്ഷ്യത്തിനു തൊട്ടരികെ ഇന്ത്യയെത്തി. രണ്ടുവട്ടം 10 റണ്‍സിനു താഴെയും ഒരു തവണ 20 റണ്‍സകലെയും ഇന്ത്യ വീണു.
കോഹ്ലിക്കരുത്ത്
2017 ജൂലൈക്കുശേഷം ഇന്ത്യ ഒരിക്കൽ മാത്രമാണു നൂറിലധികം റണ്‍സിനു പരാജയപ്പെട്ടിരിക്കുന്നത്. എന്നാൽ, 14 തവണ ഇന്ത്യ എതിരാളികൾക്കുമേൽ 100+ റണ്‍സ് വിജയം നേടി. വിജയലക്ഷ്യം പിന്തുടരുന്ന ടീമിനെ എറിഞ്ഞുതകർക്കാനുള്ള ഇന്ത്യൻ പേസർമാരുടെ കഴിവാണ് ഇതിൽ എടുത്തുപറയേണ്ടത്.
സ്പിന്നർമാർക്കു കാര്യമായ അവസരം നൽകാതെ പേസർമാർ കളി തീർക്കുന്നു. സ്കോർ പിന്തുടരുന്പോൾ അവസാനം വരെ ബാറ്റ് ചെയ്യുന്ന പതിവ് ഇപ്പോൾ ഒരു ടീമിനും അവകാശപ്പെടാനില്ല. എന്നാൽ, വിരാട് കോഹ്ലിയുടെ മാസ്മരിക പ്രകടനങ്ങൾ ഏറെയും പിറന്നത് സ്കോർ പിന്തുടരുന്പോഴാണ്. ഇതു പലപ്പോഴും ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
ട്വന്റി20 യുഗം
ഇന്ത്യയെ അപേക്ഷിച്ച്, മറ്റ് ടീമുകൾ സ്കോർ പിന്തുടരാൻ ഇഷ്ടപ്പെടുന്നില്ലെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഡേ-നൈറ്റ് മത്സരങ്ങളിൽ 275+ റണ്ണുകൾ പിന്തുടരുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ടീമുകൾ പകൽവെളിച്ചത്തിൽ ബാറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നു. ട്വന്റി20 ക്രിക്കറ്റിന്റെ പ്രചാരം ബാറ്റർമാരുടെ ആക്രമണോത്സുകത വർധിപ്പിച്ചു.
സെലക്ടർമാരുടെ താത്പര്യങ്ങളോ ക്ഷമയോടെയുള്ള ബാറ്റിംഗോ അവർക്കു വിഷയമല്ല. കാരണം, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ടീമുകൾ വന്പനടിക്കാരെ വൻ വില കൊടുത്തു വാങ്ങാൻ വരിനിൽക്കുകയാണ്.
പുതിയകാല ക്രിക്കറ്റിൽ, തോൽക്കുമെന്നുറപ്പായാൽ പിന്നെ എത്ര റണ്ണിനു തോൽക്കുന്നു എന്നതിനെക്കുറിച്ചു ടീമുകൾ കാര്യമായി ചിന്തിക്കാറില്ല. അതുകൊണ്ടുതന്നെ പലപ്പോഴും വിജയമാർജിൻ വലുതാകാറുണ്ട്. ഇന്ത്യയുടെ അവസാന മൂന്നു മത്സരങ്ങളിൽ 100 (ഇംഗ്ലണ്ടിനെതിരേ), 302 (ശ്രീലങ്കയ്ക്കെതിരേ), 243 (ദക്ഷിണാഫ്രിക്കയ്ക്കെതിരേ) എന്നിങ്ങനെയാണ് വിജയമാർജിൻ എന്നു പറയുന്പോൾത്തന്നെ ഊഹിക്കാം കാര്യങ്ങളുടെ കിടപ്പ്. മത്സരങ്ങൾ അവസാനത്തേക്കു നീട്ടുന്ന എം.എസ്. ധോണി ശൈലി ഈ ട്വന്റി20 കാലത്ത് ഓൾഡ് സ്കൂളിന്റെ ഭാഗമായിരിക്കുന്നു.
ക്ഷമയില്ല!
ദക്ഷിണാഫ്രിക്ക: അവസാനത്തെ 14 ചേസിംഗ് പരാജയങ്ങളിൽ ഒന്നിൽപോലും മാർജിൻ 10 റണ്‍സിനു കീഴിലല്ല. ഇതിൽത്തന്നെ രണ്ടു മത്സരം മാത്രമാണ് അവസാന ഓവറിലേക്കു നീണ്ടത്.
ന്യൂസിലൻഡ്/ഇംഗ്ലണ്ട്: ഇരു ടീമുകളുടെയും അവസാന 12 ചേസിംഗ് തോൽവികളുടെ കണക്കെടുത്താൽ (ആകെ 24), 16 മത്സരങ്ങളിലും 50 റണ്‍സിനുമേൽ മാർജിനിലാണു പരാജയം. ഈ 24 മത്സരങ്ങളിൽ ആറെണ്ണം മാത്രമാണ് അവസാന ഓവർ വരെ നീണ്ടത്.
ഓസ്ട്രേലിയ: ടീമിന്റെ അവസാന അഞ്ച് ഏകദിന ചേസിംഗ് പരാജയങ്ങളും 99+ റണ്ണുകൾക്കായിരുന്നു. ഇതിനു മുന്‍പുള്ള നാലു ചേസിംഗ് പരാജയങ്ങളിൽ 30 റണ്‍സിനു താഴെയാണു മാർജിൻ. അടിച്ചില്ലെങ്കിൽ ഔട്ടാകണമെന്ന കളിരീതി ഇതിൽനിന്നു വ്യക്തം.
പാക്കിസ്ഥാൻ: അവസാന ഏഴു ചേസിംഗ് പരാജയങ്ങളിൽ ആറിലും 40 റണ്സിനുമേലാണ് എതിർടീമിന്റെ വിജയമാർജിൻ. പിടിച്ചുനിന്നു ബാറ്റ് ചെയ്ത് ടീമിനെ വിജയത്തിലെത്തിക്കാൻ താരങ്ങൾക്കു ക്ഷമയില്ല.