ദേശീയ ഗെയിംസ് കൊടിയിറങ്ങി
Friday, November 10, 2023 1:35 AM IST
പനാജി: 37-ാമത് ദേശീയ ഗെയിംസിനു കൊടിയിറങ്ങി. 80 സ്വർണവും 69 വെള്ളിയും 79 വെങ്കലവുമുൾപ്പെടെ 228 മെഡലുകളുമായി മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 36 സ്വർണം, 24 വെള്ളി, 27 വെങ്കലം എന്നിങ്ങനെ 87 മെഡലുകളോടെ കേരളം അഞ്ചാം സ്ഥാനത്താണ്. അടുത്ത ദേശീയ ഗെയിംസ് ഉത്തരാഖണ്ഡിൽ അരങ്ങേറും.
കഴിഞ്ഞ തവണത്തെ ജേതാക്കളായ സർവീസസിനെ പിന്തള്ളിയാണു മഹാരാഷ്ട്ര ഒന്നാമതെത്തിയത്. കർണാടകയുടെ നീന്തൽ താരം ശ്രീഹരി നടരാജാണ് ഗെയിംസിലെ മികച്ച പുരുഷ അത്ലറ്റ്. നാലു സ്വർണവും ഒരു വെള്ളിയും ശ്രീഹരി നീന്തിയെടുത്തു.
ജിംനാസ്റ്റിക്സ് താരങ്ങളായ മഹരാഷ്ട്രയുടെ സംയുക്ത പ്രസേനും ഒഡീഷയുടെ പ്രണതി നായിക്കുമാണു വനിതാ വിഭാഗത്തിലെ മികച്ച പ്രതിഭകൾ. ഇരുവരും നാലു വീതം സ്വർണവും ഓരോ വെള്ളിയും സ്വന്തമാക്കി.