ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റ് സ്വർണം നേടി ചക്കിട്ടപാറക്കാരൻ പീറ്റർ
Thursday, November 9, 2023 2:08 AM IST
രാജൻ വർക്കി
പേരാമ്പ്ര : ചക്കിട്ടപാറയിലെ കരിമ്പനക്കുഴി കെ.എം. പീറ്ററിനു വയസ് 72. ഫിലിപ്പീൻസിൽ നടക്കുന്ന എഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ അഞ്ചു കിലോമീറ്റർ നടത്ത മത്സരത്തിൽ ഇന്നലെ ഇന്ത്യക്കു വേണ്ടി ട്രാക്കിലിറങ്ങിയ പീറ്റർ നേടിയത് സ്വർണം. പത്തിനു നടക്കുന്ന അഞ്ച് കിലോ മീറ്റർഓട്ടത്തിലും ശുഭ പ്രതീക്ഷ.
കർഷകകുടുംബത്തിൽ ജനിച്ച് ബാങ്ക് ജീവനക്കാരനായി വിരമിച്ച പീറ്റർ വിശ്രമജീവിതത്തിനു വഴി കൊടുത്തില്ല. മനസിലുണ്ടായിരുന്ന കായിക താത്പര്യം പതുക്കെ പുറത്തെടുത്തു. മക്കളായ സ്റ്റെഫിയെയും നിതിനെയും പരിശീലനം നൽകി ജേതാക്കളാക്കി.
പിന്നീട് ചക്കിട്ടപാറ മൈതാനിയിൽ നാട്ടിലെ കുട്ടികൾക്ക് പരിശീലനം നൽകിത്തുടങ്ങി. കായിക പരിശീലനം അദ്ദേഹം കലാലയത്തിൽ പോയി പഠിച്ചിട്ടില്ല. കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങൾ കുട്ടികൾക്കു നൽകിയപ്പോൾ അവരിൽ പലരും സംസ്ഥാന ദേശീയ അന്തർദേശീയ ജേതാക്കളായി. ജിൻസൺ ജോൺസനിലൂടെ ശിഷ്യഗണത്തിൽ ഒളിംപ്യനുമുണ്ടായി.
ചിട്ടയായ പരിശീലനം കുട്ടികൾക്ക് നൽകുന്നതിനിടയിലും സ്വന്തം ഇനങ്ങളിലെ പരിശീലനവും തുടർന്നു കൊണ്ടിരുന്നു.
ദിനവും കിലോമീറ്ററുകളോളം ഓടിയും നടന്നുമായിരുന്നു പരിശീലനം. അതാണ് ഫിലിപ്പീൻസിലെ വിജയത്തിനു കാരണവും. സ്റ്റേറ്റ് നാഷണൽ മാസ്റ്റേഴ്സ് മീറ്റിലും ഒന്നാമനായിരുന്നു.
ചക്കിട്ടപാറ ഗ്രാമീണ സ്പോർട്സ് അക്കാഡമി കോച്ചായിരുന്നു. ഇപ്പോൾ കുളത്തുവയൽ ജോർജിയൻ അക്കാഡമിയുടെ മുഖ്യ കോച്ചായി പ്രവർത്തിക്കുന്നു.
അഭിനന്ദനങ്ങളും അംഗീകാരങ്ങളും തേടിയെത്തുമ്പോഴും വിനയമാണു പീറ്ററിന്റെ മുഖമുദ്ര. അദ്ദേഹത്തിന്റെ മിന്നും വിജയത്തിൽ ശിഷ്യ ഗണങ്ങളും നാടും ആഹ്ലാദത്തിലാണ്. നടക്കാനിരിക്കുന്ന ഓട്ട മത്സരത്തിലും സ്വർണത്തിൽ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.
ഭാര്യ ഏലിക്കുട്ടി ടീച്ചറിന്റെ പ്രാർഥനയും പിന്തുണയുമാണു കെ.എം. പീറ്ററിന്റെ വിജയ മന്ത്രം.