ദക്ഷിണാഫ്രിക്കയ്ക്ക് 190 റൺസിന്റെ കൂറ്റൻ ജയം
Thursday, November 2, 2023 12:04 AM IST
പൂന: ആഫ്രിക്കന്‍ അടിയേറ്റ് കിവികളും കണ്ണീര്‍വാര്‍ത്തു. ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ബാറ്റുകൊണ്ട് തലങ്ങും വിലങ്ങും പ്രഹരിച്ച് ന്യൂസിലന്ഡിനെതിരേ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ പടുത്തുയര്‍ത്തിയത് 357/4 എന്ന സ്കോര്‍.
ക്വിന്റണ്‍ ഡികോക്ക് (114), റസീ വാന്‍ഡെര്‍ ഡസന്‍ (133) എന്നിവരുടെ സെഞ്ചുറി ബലത്തിലാണ് ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക 357 റണ്‍സ് അടിച്ചുകൂട്ടിയത്. ന്യൂസിലൻഡിന്റെ മറുപടി 35.3 ഓവറിൽ 167ൽ അവസാനിച്ചു. അതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 190 റൺസിന്റെ കൂറ്റൻ ജയം.
സെഞ്ചുറി റിക്കാര്‍ഡ്
ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നേടിയ സെഞ്ചുറികളുടെ എണ്ണം എട്ട് ആയി. അതില്‍ നാല് എണ്ണം ഡികോക്കിന്റെ വകയാണ്. ഇതോടെ ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റിക്കാര്‍ഡില്‍ ശ്രീലങ്കയ്ക്ക് ഒപ്പവും ദക്ഷിണാഫ്രിക്കയെത്തി. 2015 എഡിഷനില്‍ ശ്രീലങ്ക എട്ട് സെഞ്ചുറി നേടിയിരുന്നു. ഈ ലോകകപ്പില്‍ വാന്‍ഡെര്‍ ഡസന്റെ രണ്ടാം സെഞ്ചുറിയാണ്. എയ്ഡന്‍ മാര്‍ക്രം, ഹെൻറിച്ച് ക്ലാസന് എന്നിവരും ഇതിനോടകം സെഞ്ചുറി സ്വന്തമാക്കി.
116 പന്തില്‍ മൂന്ന് സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു ഡികോക്കിന്റെ 114 റണ്‍സ്. 118 പന്തില്‍ അഞ്ച് സിക്സും ഒമ്പത് ഫോറും അടക്കമാണ് വാന്‍ഡെര്‍ ഡസന്‍ 133 റണ്‍സ് അടിച്ചുകൂട്ടിയത്. ഇവര്‍ക്കുപിന്നാലെ നാലാം നമ്പറായി സ്ഥാനക്കയറ്റം ലഭിച്ച് എത്തിയ ഡേവിഡ് മില്ലര്‍ (30 പന്തില്‍ 53) അര്‍ധസെഞ്ചുറിയും സ്വന്തമാക്കി. ഡികോക്ക്-വാന്‍ഡെര്‍ ഡസന്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 189 പന്തില്‍ 200 റണ്‍സ് അടിച്ചുകൂട്ടി.
60 റൺസ് നേടിയ ഗ്ലെൻ ഫിലിപ്പ്സ് ആണ് ന്യൂസിലൻഡ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കേശവ് മഹാരാജ് നാലും മാർക്കൊ യാൻസൺ മൂന്നും ജെറാൾഡ് കോട്ട്സീ രണ്ടും വിക്കറ്റ് വീതം സ്വന്തമാക്കി.
തോൽവിയോടെ ന്യൂസിലൻഡ് പോയിന്റ് പട്ടികയിൽ ഒരു സ്ഥാനം നഷ്ടപ്പെട്ട് നാലിലേക്ക് ഇറങ്ങി.
ഡികോക്കിന്റെ ഇന്ത്യന്‍ പ്രണയം
ഭാരതമെന്നു കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍ എന്നത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ക്വിന്റണ്‍ ഡികോക്കിന്റെ കാര്യത്തിലും ശരിയാണ്. ഇന്ത്യയെയും ഇന്ത്യന്‍ മണ്ണിനെയും ഡികോക്കിന് അത്രയ്ക്ക് ഇഷ്ടമാണ്. 2023 ഐസിസി ഏകദിന ലോകകപ്പില്‍ ഏഴു മത്സരങ്ങളില്‍നിന്ന് നാല് സെഞ്ചുറിയടക്കം 545 റണ്‍സ് എടുത്തിരിക്കുന്നു ഈ ഇടംകൈ ഓപ്പണിംഗ് ബാറ്റർ. 2023 ലോകകപ്പില്‍ 500 റണ്‍സ് കടക്കുന്ന ആദ്യ താരം. മാത്രമല്ല, ഏതെങ്കിലും ഒരു ഏകദിന ലോകകപ്പ് എഡിഷനില്‍ 500ല്‍ അധികം റണ്‍സ് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമെന്ന നേട്ടവും ഡികോക്ക് നേടി.
ആറാം സെഞ്ചുറി, റിക്കാർഡ് പലത്
ഇന്ത്യന്‍ മണ്ണില്‍ ഡികോക്കിന്റെ ആറാം സെഞ്ചുറിയാണ് ഇന്നലെ ന്യൂസിലന്ഡിനെതിരേ പിറന്നത്. ഇതില്‍ നാലും ഈ ലോകകപ്പില്‍ ആണെന്നതും ശ്രദ്ധേയം.
19 മത്സരങ്ങളില്‍നിന്ന് 61.46 ശരാശരിയില്‍ 922 റണ്‍സ് ഇന്ത്യന്‍ മണ്ണില്‍ ഇതുവരെ ഡികോക്ക് നേടി. ഏഷ്യയില്‍ ഈ ഓപ്പണറുടെ റണ്‍സ് 1579ല്‍ എത്തിയെന്നതും ശ്രദ്ധേയം. എട്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്.
ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്നതില്‍ ഹേര്ഷല് ഗിബ്സിനൊപ്പം (21) ഡികോക്ക് എത്തി. ഹഷിം അംല (27), എബി ഡിവില്യേഴ്സ് (25) എന്നിവര്‍ മാത്രമാണ് ഇനി മുന്നിലുള്ളത്.
ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റിക്കാര്‍ഡില്‍ ലങ്കയുടെ മുന്‍താരം കുമാര്‍ സംഗക്കാരയ്ക്ക് (4) ഒപ്പം എത്തി. ഇന്ത്യയുടെ രോഹിത് ശര്‍മ മാത്രമാണ് (5) ഇക്കാര്യത്തില്‍ ഡികോക്കിനു മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (4) എന്ന റിക്കാര്‍ഡില്‍ ഡിവില്യേഴ്സിന് ഒപ്പവും ഡികോക്ക് എത്തി.