സെമി ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരേ
Saturday, October 28, 2023 11:34 PM IST
ലക്നോ: ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ആതിഥേയരായ ഇന്ത്യ ഇന്നു നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെതിരേ. ഇന്ത്യ ടൂർണമെന്റിലെ തുടർച്ചയായ ആറാം ജയം ലക്ഷ്യമിടുന്പോൾ മത്സരം ജയിച്ചു ജീവൻ നിലനിർത്തുകയാണ് ഇംഗ്ലണ്ടിനു മുന്നിലെ വെല്ലുവിളി. ലക്നോയിലെ ഏകന സ്റ്റേഡിയത്തിൽ ഉച്ചയ്ക്കു രണ്ടിനു തുടങ്ങുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഡിസ്നി+ ഹോട്ട്സ്റ്റാറിലും തത്സമയം.
വീണവായന
ടൂർണമെന്റിൽ എല്ലാം ഇന്ത്യയുടെ വഴിക്കാണ്. അഞ്ചിൽ അഞ്ചു മത്സരങ്ങളും ജയിച്ച ഇന്ത്യ ഇന്ന് ജയിച്ചാൽ സെമി ഉറപ്പിക്കും. ഇന്ത്യയുടെ മുൻനിര ബാറ്റർമാരെല്ലാം ഫോമിലാണ്. രോഹിത് ശർമ നൽകുന്ന തട്ടുപൊളിപ്പൻ തുടക്കം ജയമാക്കി മാറ്റാൻ വിരാട് കോഹ്ലി നേതൃത്വം നൽകുന്ന മധ്യനിരയ്ക്കു സാധിക്കുന്നുണ്ട്. പരിക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്നും കളിക്കില്ല. അടുത്ത മാസം അഞ്ചുവരെ ഹാർദികിനു വിശ്രമം അനുവദിച്ചിട്ടുണ്ട്. ഹാർദിക്കിന്റെ അഭാവത്തിൽ സൂര്യകുമാർ യാദവിന് ഇന്നും അവസരം ലഭിക്കും. തിരിച്ചുവരവിൽ അഞ്ചു വിക്കറ്റുമായി തിളങ്ങിയ പേസർ മുഹമ്മദ് ഷമി ജസ്പ്രീത് ബുംറയ്ക്കൊപ്പം പേസ് ബൗളിംഗിനെ നയിക്കും. മുഹമ്മദ് സിറാജ് ഒപ്പം ചേരും.
ടൂർണമെന്റിൽ ഇന്ത്യയുടെ ജയങ്ങളെല്ലാം രണ്ടാമത് ബാറ്റ് ചെയ്തപ്പോഴാണ്. വ്യക്തിഗത പ്രകടനങ്ങൾ ഈ ജയങ്ങളെ നിർണായകമായി സ്വാധീനിച്ചു. ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ തുടങ്ങിയവർക്ക് കുറച്ചുകൂടി ബാറ്റിംഗ് അവസരങ്ങൾ ലഭിക്കണമെന്നാണ് ടീമിന്റെ താത്പര്യം. അതുകൊണ്ടുതന്നെ ടോസ് ലഭിച്ചാൽ ആദ്യം ബാറ്റ് ചെയ്യാനാകും ഇന്ത്യൻ നായകൻ രോഹിത് ശർമ താത്പര്യപ്പെടുക.
പ്രാണവേദന
ഇംഗ്ലണ്ടിന്റെ കാര്യമെടുത്താൽ, നിലവിലെ ചാന്പ്യന്മാർക്ക് ഈ ലോകകപ്പിൽ തൊട്ടതെല്ലാം പിഴച്ചു. തകർപ്പൻ ടീമാണെങ്കിലും ഒരു ബാറ്റർ പോലും ഫോമിലല്ല. ലോക ക്രിക്കറ്റിൽ വിപ്ലവം തീർത്ത ബാസ്ബോളിന്റെ കരുത്തുമായി ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകൾ തകർത്തുവിട്ടു.
നിലവിൽ പോയിന്റ് പട്ടികയിൽ ഒന്പതാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഇന്നുകൂടി തോറ്റാൽ പിന്നെ ഇംഗ്ലണ്ടിന് ഈ ലോകകപ്പിൽ പ്രതീക്ഷ വേണ്ട.
ജോസ് ബട്ലർ നയിക്കുന്ന ടീമിൽ അഴിച്ചുപണി ഉറപ്പാണ്. ഡേവിഡ് മലാനും ജോണി ബെയർസ്റ്റോയും ചേർന്നു മികച്ച തുടക്കം നൽകുന്നുണ്ടെങ്കിലും മുതലാക്കാൻ മധ്യനിരയ്ക്കു കഴിയുന്നില്ല.
ബെൻ സ്റ്റോക്സ് മാത്രമാണു ടീമിനായി അൽപ്പമെങ്കിലും പ്രതിരോധമുയർത്തുന്നത്. വിരമിക്കൽ പ്രഖ്യാപിച്ച തന്നെ ഇങ്ങനെ നാണംകെടുത്താനാണോ ടീമിലേക്കു തിരികെ വിളിച്ചതെന്നു സ്റ്റോക്സ് സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല!
പിച്ചും മഴയും
ബാറ്റർമാരെ പിന്തുണയ്ക്കുന്നതാണ് ഏകന സ്റ്റേഡിയത്തിലെ പിച്ച്. കളി പുരോഗമിക്കുംതോറും സ്പിന്നർമാർക്കു പിന്തുണയേറും; ബാറ്റിലേക്കുള്ള പന്തിന്റെ വേഗം കുറയും. വന്പൻ സ്കോർ പിറക്കുമെന്ന പ്രതീക്ഷ ആരാധകർക്കു വേണ്ട. 32 ഡിഗ്രി സെൽഷസാണ് ലക്നോയിലെ ശരാശരി താപനില. മഴ പെയ്യില്ലെന്നാണു പ്രവചനം.
ഇന്ത്യ: രോഹിത് ശർമ (നായകൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോസ് ബട്ലർ (നായകൻ), മോയിൻ അലി, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ആദിൽ റഷീദ്, മാർക്ക് വുഡ്.
അശ്വിൻ കളിക്കുമോ?
ഇംഗ്ലണ്ടിനെ അപേക്ഷിച്ച് ഇന്ത്യൻ നിരയിൽ കാര്യമായ ആശങ്കകളില്ല. സ്പിന്നർമാരെ പിന്തുണയ്ക്കുന്ന ലക്നോയിലെ പിച്ചിൽ ഷാർദുൾ താക്കുറിനെ ഒഴിവാക്കി ഇന്ത്യ ആർ. അശ്വിന് അവസരം നൽകേണ്ടതാണ്. എന്നാൽ, ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഇന്ത്യയെ അഞ്ചു ബൗളർമാരുമായി കളിക്കാൻ നിർബന്ധിതരാക്കുന്നു. ബുംറയും കുൽദീപും രവീന്ദ്ര ജഡേജയും ടീമിൽ ഉറപ്പാണ്. മൂന്നാം സ്പിന്നറായി അശ്വിനെ ഉൾപ്പെടുത്തണമെങ്കിൽ സിറാജിനെയോ ഷമിയെയോ ഒഴിവാക്കണം.
നേർക്കുനേർ
എട്ടുതവണയാണ് ഇരു ടീമുകളും ലോകകപ്പിൽ ഏറ്റുമുട്ടിയത്. നാലെണ്ണത്തിൽ ഇംഗ്ലണ്ടും മൂന്നിൽ ഇന്ത്യയും ജയിച്ചു. ഒരു മത്സരം സമനിലയിൽ അവസാനിച്ചു. ഏകദിനത്തിൽ ഇതുവരെ ഇരുടീമുകളും 106 മത്സരങ്ങളിൽ നേർക്കുനേർ വന്നു. 57 മത്സരങ്ങളിൽ ഇന്ത്യയും 44 എണ്ണത്തിൽ ഇംഗ്ലണ്ടും വിജയിച്ചു.