നെതര്‍ലന്‍ഡ്സിന് രണ്ടാം ലോകകപ്പ് ജയം
Saturday, October 28, 2023 11:34 PM IST
കോൽക്കത്ത: നെതർലൻഡ്സിന് ഏകദിന ലോകകപ്പിലെ രണ്ടാം ജയം. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ നെതർലൻഡ്സ് 87 റണ്‍സിനു ബംഗ്ലാദേശിനെ തോൽപ്പിച്ചു. നെതർലൻഡ്സ് 50 ഓവറിൽ 229.
ബംഗ്ലാദേശ് 42.2 ഓവറിൽ 142. ഈ ലോകകപ്പിൽ ബംഗ്ലാദേശിന്റെ തുടർച്ചയായ അഞ്ചാം തോൽവിയാണ്. 23 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ നെതർലൻഡ്സിന്റെ പോൾ വാൻ മീക്കറെനാണ് കളിയിലെ താരം.
ടോസ് നേടി ബാറ്റ് ചെയ്ത നെതർലൻഡ്സ് ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് (68), വെസ് ലി ബരേസി (41), സിബ്രാൻഡ് എങ്കൽബ്രെച്ച് (35), ലോഗൻ ബാൻ ബീക് (23 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ബംഗ്ലാദേശിനായി ഷരിഫുൾ ഇസ്ലാം, ടസ്കിൻ അഹമ്മദ്, മുസ്താഫിസുർ റഹ്മാൻ, മെഹ്ദി ഹസൻ എന്നിവർ രണ്ടു വിക്കറ്റ് നേടി.
താരതമ്യേന കുഞ്ഞൻ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ബംഗ്ലാദേശിനെ നെതർലൻഡ്സ് മികച്ച ബൗളിംഗിലൂടെ പിടിച്ചുകെട്ടി.
35 റണ്‍സ് നേടിയ മെഹ്ദി ഹസൻ മിർസയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. മറ്റാർക്കും പൊരുതാൻ പോലുമായില്ല. മീക്കറെൻ നാലും ബാസ് ഡി ലീഡ് രണ്ടും വിക്കറ്റ് വീഴ്ത്തി.