പാരാ ഏഷ്യൻ ഗെയിംസിൽ സെഞ്ചുറി മെഡല്നേട്ടത്തിനരികെ ഇന്ത്യന്‍ കുതിപ്പ്
Saturday, October 28, 2023 1:33 AM IST
ഹാങ്ഝൗ: പാരാ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സെഞ്ചുറി മെഡൽ നേട്ടത്തിലേക്ക്. 25 സ്വർണവും 29 വെള്ളിയും 45 വെങ്കലവുമുൾപ്പെടെ 99 മെഡലുകളാണ് ഇതുവരെ ഇന്ത്യയുടെ നേട്ടം. ഇന്നലെ മാത്രം ഏഴു സ്വർണവും ആറു വെള്ളിയും നാലു വെങ്കലവും ഇന്ത്യയുടെ അക്കൗണ്ടിലെത്തി.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡൽ നേട്ടമാണിത്. ഗെയിംസിന്റെ അവസാന ദിനമായ ഇന്ന് ഒരു മെഡൽകൂടി ലഭിച്ചാൽ ഇന്ത്യക്കു നൂറിലെത്താം. ഇന്ത്യ ഇതുവരെ ഏഷ്യൻ പാരാ ഗെയിംസിൽ 100 മെഡൽനേട്ടം കൈവരിച്ചിട്ടില്ല. 196 സ്വർണമുൾപ്പെടെ 493 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ ആറാമതാണ്.
ഇന്നലെ ഇന്ത്യയുടെ രമണ്‍ ശർമ പുരുഷന്മാരുടെ 1500 മീറ്ററിൽ ഏഷ്യൻ ഗെയിംസ് റിക്കാർഡോടെ സ്വർണം നേടി. 4:20.80 എന്ന സമയത്തിലായിരുന്നു ശർമയുടെ ഫിനിഷിംഗ്. ഈയിനത്തിൽ വെള്ളി നേടിയ തിയോഫിലോ ഫ്രെയ്റ്റാസും ഗെയിംസ് റിക്കാർഡിട്ടു.
ശർമയ്ക്കു പുറമേ ആർച്ചറിയിൽ ശീതൾ ദേവിയും ബാഡ്മിന്റണ്‍ സിംഗിൾസിൽ പ്രമോദ് ഭഗത്, തുളസിമതി മുരുഗേശൻ, സുഹാസ് യതിരാജ് എന്നിവരും ഡബിൾസിൽ നിതേഷ് കുമാർ-തരുണ്‍ കൂട്ടുകെട്ടും ഇന്നലെ പൊന്നണിഞ്ഞു. പുരുഷന്മാരുടെ ലോംഗ് ജംപിൽ ഷോളൈരാജ് ധർമരാജും സ്വർണം സ്വന്തമാക്കി. 6.84 മീറ്റർ ചാടി പുതിയ റിക്കാർഡ് സൃഷ്ടിച്ചാണ് ഷോളൈരാജ് സ്വർണത്തിലേക്ക് എത്തിയത്.