മും​ബൈ: വാ​ങ്ക​ഡെ​യി​ല്‍ ക്വി​ന്‍റ​ണ്‍ ഡി​കോ​ക്ക് വാ​ണ ദി​ന​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് മി​ന്നും ജ​യം. ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 149 റ​ണ്‍​സി​ന് ബം​ഗ്ലാ​ദേ​ശി​നെ കീ​ഴ​ട​ക്കി. സ്‌​കോ​ര്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക 382/5 (50). ബം​ഗ്ലാ​ദേ​ശ് 233 (46.4).

ര​ണ്ട് സെ​ഞ്ചു​റി പി​റ​ന്ന മ​ത്സ​ര​മാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക x ബം​ഗ്ലാ​ദേ​ശ്. ഡി​കോ​ക്ക് (174) പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച് ആ​യ​പ്പോ​ള്‍ ബം​ഗ്ലാ​ദേ​ശി​നാ​യി മു​ഹ​മ്മ​ദു​ള്ള​യും (111 പ​ന്തി​ല്‍ 111) മൂ​ന്ന​ക്കം ക​ണ്ടു. മു​ഹ​മ്മ​ദു​ള്ള മാ​ത്ര​മാ​ണ് ബം​ഗ്ലാ ഇ​ന്നിം​ഗ്‌​സി​ല്‍ ചെ​റു​ത്തു​നി​ന്ന​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു​വേ​ണ്ടി ജെ​റാ​ള്‍​ഡ് കോ​റ്റ്‌​സീ മൂ​ന്നും മാ​ര്‍​ക്കൊ യാ​ന്‍​സ​ണ്‍, ക​ഗി​സൊ റ​ബാ​ദ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ നാ​ലാം ജ​യ​മാ​ണ്. എ​ട്ട് പോ​യി​ന്‍റു​മാ​യി ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തും പ്രോ​ട്ടീ​സ് എ​ത്തി. +2.370 ആ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ റ​ൺ റേ​റ്റ്. അ​ഞ്ച് ജ​യം നേ​ടി​യ ഇ​ന്ത്യ​ക്കു​പോ​ലും +2 റ​ൺ റേ​റ്റി​ൽ എ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

300 ക​ട​ന്ന് പ്രോ​ട്ടീ​സ്

2023 ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ വീ​ണ്ടും ത​ക​ര്‍​പ്പ​ന്‍ ബാ​റ്റിം​ഗ് പ്ര​ക​ട​ന​വു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഓ​പ്പ​ണ​ര്‍ ക്വി​ന്‍റ​ണ്‍ ഡി​കോ​ക്ക് (174), ക്യാ​പ്റ്റ​ന്‍ ഏ​യ്ഡ​ന്‍ മാ​ര്‍​ക്രം (60), ഹെ​ൻ‌​റി​ച്ച് ക്ലാ​സ​ന്‍ (90), ഡേ​വി​ഡ് മി​ല്ല​ര്‍ (34 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗ് മി​ക​വി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ടി​ച്ചെ​ടു​ത്ത​ത് അ​ഞ്ച് വി​ക്ക​റ്റി​ന് 382 റ​ണ്‍​സ്.

ഈ ​ലോ​ക​ക​പ്പി​ല്‍ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് പ്രോ​ട്ടീ​സ് സ്‌​കോ​ര്‍ 300 ക​ട​ക്കു​ന്ന​ത്. ഇ​തി​ല്‍ ത​ന്നെ മൂ​ന്ന് ത​വ​ണ സ്‌​കോ​ര്‍ 350 ക​ട​ന്നു. ഓ​പ്പ​ണിം​ഗ് ബാ​റ്റ​ര്‍ ഡി​ക്കോ​ക്കി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ സെ​ഞ്ചു​റി​യാ​യി​രു​ന്നു പ്രോ​ട്ടീ​സ് ഇ​ന്നിം​ഗ്സി​ലെ പ്ര​ത്യേ​ക​ത. ഈ ​ലോ​ക​ക​പ്പി​ല്‍ ഡി ​കോ​ക്ക് നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണ്.

റീ​സ ഹെ​ൻ‌​റി​ക്സ് (12), റാ​സി വാ​ന്‍​ഡെ​ര്‍ ഡ​സ​ന്‍ (1) എ​ന്നി​വ​രെ പെ​ട്ടെ​ന്ന് ന​ഷ്ട​മാ​യി ര​ണ്ടു വി​ക്ക​റ്റി​ന് 36 എ​ന്ന നി​ല​യി​ല്‍​നി​ന്നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​റ്റ​ന്‍ സ്‌​കോ​റി​ലെ​ത്തി​യ​ത്.

ആ​ദ്യം മൂ​ന്നാം വി​ക്ക​റ്റി​ല്‍ ഡി​കോ​ക്ക് - മാ​ര്‍​ക്രം സ​ഖ്യം 131 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ​തോ​ടെ പ്രോ​ട്ടീ​സ് ക​ളം​പി​ടി​ച്ചു. 69 പ​ന്തി​ല്‍ നി​ന്ന് 60 റ​ണ്‍​സെ​ടു​ത്ത് മാ​ര്‍​ക്രം പു​റ​ത്താ​യെ​ങ്കി​ലും നാ​ലാം വി​ക്ക​റ്റി​ല്‍ ഡി​കോ​ക്കി​നൊ​പ്പം ഹെ​ൻ‌റിച്ച് ക്ലാ​സ​നെ​ത്തി​യ​തോ​ടെ പ്രോ​ട്ടീ​സ് ഇ​ന്നിം​ഗ്സ് ടോ​പ് ഗി​യ​റി​ലാ​യി.

142 റ​ണ്‍​സാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് അ​ടി​ച്ചെ​ടു​ത്ത​ത്. ഇ​ര​ട്ട സെ​ഞ്ചു​റി​യി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്ന ഡി​കോ​ക്ക് 46-ാം ഓ​വ​റി​ലാ​ണ് പു​റ​ത്താ​കു​ന്ന​ത്. 140 പ​ന്തി​ല്‍ നി​ന്ന് ഏ​ഴ് സി​ക്സും 15 ഫോ​റു​മ​ട​ക്കം 174 റ​ണ്‍​സെ​ടു​ത്ത താ​ര​ത്തെ ഹ​സ​ന്‍ മ​ഹ്‌​മൂ​ദ് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.


അ​തി​വേ​ഗം

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം സെ​ഞ്ചു​റി​ക്കു പ​ത്ത് റ​ണ്‍ അ​ക​ലെ വ​ച്ചാ​ണ് ക്ലാ​സ​ന്‍ പു​റ​ത്താ​കു​ന്ന​ത്. 49 പ​ന്തി​ല്‍ നി​ന്ന് ര​ണ്ട് ഫോ​റും എ​ട്ട് സി​ക്സും പ​റ​ത്തി​യ ക്ലാ​സ​ന്‍ 90 റ​ണ്‍​സെ​ടുത്ത ക്ലാ​സ​നെ ഹ​സ​ന്‍ മ​ഹ്‌​മൂ​ദ് സ്വ​ന്ത​മാ​ക്കി. അ​ഞ്ചാം വി​ക്ക​റ്റി​ല്‍ ഡേ​വി​ഡ് മി​ല്ല​റെ കൂ​ട്ടു​പി​ടി​ച്ച് അ​തി​വേ​ഗ​ത്തി​ല്‍ 65 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​മു​ണ്ടാ​ക്കി​യ ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്.

മി​ല്ല​റാ​ക​ട്ടെ 15 പ​ന്തി​ല്‍ നി​ന്ന് ഒ​രു നാ​ല് സി​ക്സ​റ​ട​ക്കം 34 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. അ​വ​സാ​ന 20 ഓ​വ​റി​ല്‍ 217 റ​ണ്‍​സാ​ണ് പി​റ​ന്ന​ത്. ഇ​തി​ലെ അ​വ​സാ​ന പ​ത്ത് ഓ​വ​റി​ല്‍ മാ​ത്രം 144 റ​ണ്‍​സാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക സ്‌​കോ​ര്‍​ബോ​ര്‍​ഡി​ല്‍ ചേ​ര്‍​ത്ത​ത്.

3 സെ​ഞ്ചു​റി

2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​ര്‍ ക്വി​ന്‍റ​ണ്‍ ഡി​കോ​ക്കി​ന്‍റെ മൂ​ന്നാം സെ​ഞ്ചു​റി​യാ​ണ് ഇ​ന്ന​ലെ മും​ബൈ വാ​ങ്ക​ഡെ​യി​ല്‍ പി​റ​ന്ന​ത്. ശ്രീ​ല​ങ്ക (100), ഓ​സ്‌​ട്രേ​ലി​യ (109) ടീ​മു​ക​ള്‍​ക്കെ​തി​രേ​യാ​യി​രു​ന്നു ഈ ​ലോ​ക​ക​പ്പി​ല്‍ ഡി​കോ​ക്കി​ന്‍റെ ആ​ദ്യ ര​ണ്ട് സെ​ഞ്ചു​റി​ക​ള്‍.

ഒ​രു ഏ​ക​ദി​ന ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ല്‍ ര​ണ്ടി​ല്‍ അ​ധി​കം സെ​ഞ്ചു​റി​യു​ള്ള ആ​ദ്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റ​ര്‍ എ​ന്ന നേ​ട്ട​വും ഡി​കോ​ക്ക് സ്വ​ന്ത​മാ​ക്കി. 2011 ലോ​ക​ക​പ്പി​ല്‍ മു​ന്‍ താ​രം എ​ബി ഡി​വി​ല്യേ​ഴ്‌​സ് ര​ണ്ട് സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി​യു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​രം എ​ന്ന​തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തും ഡി​കോ​ക്ക് എ​ത്തി. നാ​ല് സെ​ഞ്ചു​റി​യു​ള്ള ഡി​വി​ല്യേ​ഴ്‌​സാ​ണ് ഒ​ന്നാ​മ​ത്. ഡി​കോ​ക്കി​ന്‍റെ 20-ാം ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​ണ്.

ഒ​രു ഏ​ക​ദി​ന ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി​യി​ല്‍ രോ​ഹി​ത് ശ​ര്‍​മ (5), കു​മാ​ര്‍ സം​ഗ​ക്കാ​ര (4) എ​ന്നി​വ​ര്‍​ക്കു പി​ന്നി​ല്‍ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ടു​ക​യാ​ണ് ഡി​കോ​ക്ക്.

1000 റ​ണ്‍​സ്

നി​ഷ്പ​ക്ഷ വേ​ദി​യി​ല്‍ 1000 റ​ണ്‍​സ് എ​ന്ന നാ​ഴി​ക​ക്ക​ല്ലും ഡി​കോ​ക്ക് ഇ​ന്ന​ലെ സ്വ​ന്ത​മാ​ക്കി. ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന 12-ാമ​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റ​റാ​ണ് ഡി​കോ​ക്ക്. ജാ​ക് കാ​ലി​സ് (2681), ഗാ​രി കേ​സ്റ്റ​ണ്‍ ( 2384), ഹേ​ര്‍​ഷ​ല്‍ ഗി​ബ്‌​സ് (1974), ഡി​വി​ല്യേ​ഴ്‌​സ് (1913), ഹ​ന്‍​സി ക്രോ​ണി​യെ (1623) എ​ന്നി​വ​രാ​ണ് ഈ ​പ​ട്ടി​ക​യി​ല്‍ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ത്തു​ള്ള ബാ​റ്റ​ര്‍​മാ​ര്‍.

ഏ​ക​ദി​ന​ത്തി​ല്‍ 6500 റ​ണ്‍​സ് എ​ന്ന നാ​ഴി​ക​ക്ക​ല്ലും ഡി​കോ​ക്ക് ഇ​ന്ന​ലെ പി​ന്നി​ട്ടു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി 6500 ക്ല​ബ്ബി​ലെ​ത്തു​ന്ന ആ​റാ​മ​ത് താ​ര​മാ​ണ് ഡി​കോ​ക്ക്.