കുന്നംകുളം കീഴടക്കി പാലക്കാട്
Saturday, October 21, 2023 2:12 AM IST
അനീഷ് ആലക്കോട്
കുന്നംകുളം: പാലക്കാടിന്റെ ഹാട്രിക് കിരീടത്തോടെ 65-ാം സംസ്ഥാന സ്കൂൾ കായികോത്സവം കൊടിയിറങ്ങി. 2019ൽ കണ്ണൂരിലും 2022ൽ തിരുവനന്തപുരത്തും വീശിയടിച്ച പാലക്കാടൻ കാറ്റ് തൃശൂർ കുന്നംകുളവും കീഴടക്കി.
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പാലക്കാട് ഹാട്രിക് കിരീടം സ്വന്തമാക്കുന്നത് ചരിത്രത്തിൽ ആദ്യം. 28 സ്വർണം, 27 വെള്ളി, 12 വെങ്കലം എന്നിങ്ങനെ 67 മെഡലുമായി 266 പോയിന്റ് സ്വന്തമാക്കിയാണ് പാലക്കാട് ചാന്പ്യൻപട്ടം കരസ്ഥമാക്കിയത്.
13 സ്വർണം, 22 വെള്ളി, 20 വെങ്കലം എന്നിങ്ങനെ 55 മെഡൽ നേടിയ മലപ്പുറം 168 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കായികോത്സവത്തിന്റെ അവസാന ഇനമായ 4x400 മീറ്റർ റിലേയിൽ ജൂണിയർ ആണ്, സീനിയർ പെണ് വിഭാഗത്തിൽ സ്വർണത്തിലെത്തിയാണ് പാലക്കാട് 98 പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
അഞ്ച് സ്വർണവും ഏഴ് വെള്ളിയും 11 വെങ്കലവുമായി 57 പോയിന്റ് നേടിയ മലപ്പുറം ഐഡിയൽ ഇ എച്ച്എസ്എസ് സ്കൂളുകളിൽ ചാന്പ്യൻപട്ടത്തിലെത്തി. തുടർച്ചയായ രണ്ടാം തവണയാണ് ഐഡിയൽ ഏറ്റവും മികച്ച കായിക സ്കൂളായി മാറുന്നത്. കോതമംഗലം മാർ ബേസിലാണ് (46 പോയിന്റ്) സ്കൂളുകളിൽ രണ്ടാം സ്ഥാനത്ത്.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ രണ്ട് മീറ്റ് റിക്കാർഡുകൾ പിറന്നു. സീനിയർ ആണ്കുട്ടികളുടെ 800 മീറ്ററിൽ ജിഎച്ച്എസ്എസ് ചിറ്റൂരിന്റെ ജെ. ബിജോയിയും ഷോട്ട്പുട്ടിൽ കാസർഗോഡ് കുട്ടമത്തിന്റെ കെ.സി. സർവനുമാണ് ഇന്നലെ റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചവർ. ഇതോടെ കുന്നംകുളം കായികോത്സവത്തിൽ പിറന്ന റിക്കാർഡുകളുടെ എണ്ണം ആറായി.