പാലക്കാടൻ കരുത്ത്
Friday, October 20, 2023 1:56 AM IST
കുന്നംകുളം: ഹ്രസ്വദൂരത്തിൽ ഇരട്ട സ്വർണവുമായി ജെ. ബിജോയി തിളങ്ങിയതിന്റെ പിന്നിൽ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. പരിശീലനത്തിനായി മാത്രം 38 കിലോമീറ്റർ ദിവസവും സഞ്ചരിക്കേണ്ട അവസ്ഥയാണ് ബിജോയിക്കുള്ളത്. ഈ ദൂരം ബസിലും ചേട്ടന്റെ ബൈക്കിനു പിന്നിലുമായി സഞ്ചരിക്കും.
കഠിനാധ്വാനങ്ങൾക്ക് ഫലമുണ്ടാകുമെന്നതിന്റെ തെളിവായി 65-ാം സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ബിജോയ് ഇരട്ട സ്വർണം സ്വന്തമാക്കി. സീനിയർ വിഭാഗം 3000 മീറ്ററിൽ സ്വർണം നേടിയ ബിജോയ് 1500 മീറ്റർ പോരാട്ടത്തിലും വെന്നിക്കൊടി പാറിച്ചു.
സീനിയർ ആണ്‍കുട്ടികളുടെ 1500 മീറ്ററിൽ ചിറ്റൂർ സ്കൂളിന്റെ താരമായ ബിജോയ് 4:01.91 സെക്കൻഡിലാണ് ഫിനിഷിംഗ് ലൈൻ കടന്നത്. കല്ലടി സ്കൂളിലെ എം. മുഹമ്മദ് മഷൂദ് (4:08.10) രണ്ടാം സ്ഥാനവും മലപ്പുറം ഐഡിയലിലെ കെ. മുഹമ്മദ് സ്വാലിഹ് (4:09.16) മൂന്നാം സ്ഥാനവും സ്വന്തമാക്കി.
കഴിഞ്ഞ നാല് വർഷമായി എന്നും രാവിലെ അഞ്ചു മണിക്ക് പരിശീലനത്തിനായി കിലോമീറ്ററുകൾ യാത്രചെയ്ത് പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ എത്തുകയാണ് ബിജോയ്. പരിശീലനത്തിനുശേഷം സ്കൂളിലേക്ക്. സ്കൂൾ കഴിഞ്ഞ് വൈകുന്നേരം നേരേ ചിറ്റൂർ കോളജ് ഗ്രൗണ്ടിൽ വീണ്ടും പരിശീലനം.
ജേ്യഷ്ഠനും കായികതാരവുമായ റിജോയ് ആണ് എന്നും രാവിലെ ബിജോയിയെ പരിശീലനത്തിനെത്തിക്കുന്നത്. ചിറ്റൂർ ജിബിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയായ ബിജോയിയെ സ്കൂളിൽ പരിശീലിപ്പിക്കുന്നത് കായിക അധ്യാപകൻ വേലുക്കുട്ടിയാണ്.
ചിറ്റൂർ യംഗ്സ്റ്റേഴ്സ് ക്ലബ്ബിലെ അരവിന്ദാക്ഷനു കീഴിലാണ് ബാക്കി പരിശീലനം. ചെത്തു തൊഴിലാളിയായ വേലൂർ കനിമാരി കന്പാലത്തറ ജയശങ്കറാണ് പിതാവ്.
ജൂണിയർ ആണ്‍കുട്ടികളുടെ 1500 ഓട്ടത്തിൽ പാലക്കാട് കല്ലടിയുടെ എം. അമൃതിനാണ് സ്വർണം. 4:08.80 സെക്കൻഡിൽ അമൃത് ഫിനിഷിംഗ് ലൈൻ കടന്നു. പാലക്കാട് പനങ്ങാട്ടിരി സ്കൂളിന്റെ എം. അതുലിനാണ് (4:11.62) രണ്ടാം സ്ഥാനം. മലപ്പുറം ചീക്കോട് സ്കൂളിന്റെ എം.പി. മുഹമ്മദ് അമീൻ (4:13.30) മൂന്നാമത് ഫിനിഷ് ചെയ്തു.