സ്പാനിഷ് മധുരം
Saturday, October 14, 2023 1:20 AM IST
സെവിയ്യ: 2024 യൂറോ കപ്പ് യോഗ്യത ഫുട്ബോളിൽ സ്പെയിനിനു ജയം, ക്രൊയേഷ്യക്കു തോൽവി. സ്വന്തം ഗ്രൗണ്ടിൽ ഗ്രൂപ്പ് എ മത്സരം കളിച്ച സ്പെയിൻ 2-0ന് സ്കോട്ലൻഡിനെ തോൽപ്പിച്ചു. അൽവാരോ മൊറാട്ട (73’), ഒയിഹൻ സാനെറ്റ് (86) എന്നിവരുടെ ഗോളുകളിലാണ് സ്പെയിനിന്റെ ജയം.
ഇതോടെ യോഗ്യത ഉറപ്പാക്കാൻ സ്കോട്ലൻഡ് ഇനിയും കാത്തിരിക്കണം. ആറു മത്സരങ്ങളിൽ 15 പോയിന്റുമായി സ്കോട്ലൻഡാണ് മുന്നിൽ. അഞ്ചു കളിയിൽ 12 പോയിന്റുള്ള സ്പെയിൻ രണ്ടാമതാണ്. ആദ്യ റൗണ്ടിൽ സ്കോട്ലൻഡ് 2-0ന് സ്പെയിനിനെ കീഴടക്കിയിരുന്നു.
ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യയെ തുർക്കി 1-0ന് അട്ടിമറിച്ചു. ബാരിസ് അപ്ലർ യിൽമാസാണ് ഗോൾ നേടിയത്. ജയത്തോടെ തുർക്കി യോഗ്യതയ്ക്ക് അടുത്തെത്തി.
ആറു കളിയിൽ 13 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് തുർക്കി. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ എർലിംഗ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ നോർവെ 4-0ന് സൈപ്രസിനെ തോൽപ്പിച്ചു.