നെറ്റ്സിൽ ഗിൽ
Friday, October 13, 2023 12:57 AM IST
അഹമ്മദാബാദ്: ഡെങ്കിപ്പനിയെത്തുടർന്ന് ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ രണ്ടു മത്സരങ്ങൾ നഷ്ടമായ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ ബാറ്റിംഗ് പരിശീലനം ആരംഭിച്ചു.
നാളെ പാക്കിസ്ഥാനെതിരേ നടക്കുന്ന മത്സരത്തിനു മുന്പ് ഗിൽ ബാറ്റിംഗ് പരിശീലനം ആരംഭിച്ചതായുള്ള റിപ്പോർട്ട് ആരാധകരെ ആവേശത്തിലാക്കി. ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകൾക്കെതിരായ മത്സരങ്ങളിലാണ് ഗിൽ പുറത്തിരുന്നത്.
അഹമ്മദാബാദിൽ നാളെ പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗില്ലിന്റെ പ്രിയപ്പെട്ട ഗ്രൗണ്ടാണ് അഹമ്മദാബാദിലേത്. എന്നാൽ, പാക്കിസ്ഥാനെതിരേ ഗിൽ കളിക്കുമോ എന്ന കാര്യത്തിൽ ബിസിസിഐയോ ടീം മാനേജ്മെന്റോ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.
ആരാധകർക്ക് സ്പെഷൽ ട്രെയിൻ
മുംബൈ: ഇന്ത്യ x പാക് പോരാട്ടത്തിന് മുംബൈയിലുള്ള ക്രിക്കറ്റ് ആരാധകർക്കായി പ്രത്യേക ട്രെയിൻ. മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്ക് സ്പെഷൽ ട്രെയ്ൻ സജ്ജമായി. ഈ മാസം 15നായിരുന്നു ഇന്ത്യ x പാക് പോരാട്ടം ആദ്യ ഷെഡ്യൂൾ ചെയ്തത്. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി മത്സരം 14ലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു.