അശ്വമേധം ദൃശ്യമാകുമോ?
Sunday, October 8, 2023 12:53 AM IST
ചെന്നൈ: സ്പിന്നർ ആർ. അശ്വിന്റെ ഏകദിന കരിയറിലെ മാന്ത്രികമുഹൂർത്തമാണ് ഏകദിന ലോകകപ്പ് ടീമിലേക്കുള്ള വിളി. കഴിഞ്ഞ ആറു വർഷത്തിനിടെ വെറും നാല് ഏകദിന മത്സരം മാത്രം കളിച്ച വെറ്ററൻ താരത്തിന്റെ വിളി ആരാധകരിൽപോലും അതിശയമുളവാക്കി.
എന്നാൽ, രണ്ടാഴ്ച മുന്പ് ഓസ്ട്രേലിയയുമായുള്ള ഏകദിന പരന്പരയിൽ മാർനസ് ലബൂഷെയ്നെ പുറത്താക്കാൻ അശ്വിനെറിഞ്ഞ റിവേഴ്സ് കാരം ബോൾ, അദ്ദേഹത്തിന്റെ ഏകദിന കരിയറിലെതന്നെ ഏറ്റവും മിച്ചതായി വിശേഷിപ്പിക്കപ്പെട്ടു.
മുന്പ് ആരും ചിന്തിക്കാൻ പോലും തയാറാകാതിരുന്ന രീതിയിലാണ് അശ്വിൻ ആ പന്ത് എറിഞ്ഞത്. ആറു വർഷം ഏകദിനം കളിക്കാതിരുന്ന ഒരു താരത്തിന്റെ പന്തായിരുന്നില്ല അത്. നാലുദിവസത്തിനുശേഷം ഡേവിഡ് വാർണറെ പുറത്താക്കാനും അദ്ദേഹം സമാനമായ പന്തെറിഞ്ഞു. പിന്നാലെ ലോകകപ്പ് ടീമിലേക്കു വിളിയുമെത്തി.
2019 ലോകകപ്പ് നടന്ന ഇംഗ്ലണ്ടിലെ പിച്ചുകളിൽ അശ്വിനെ ഇന്ത്യക്ക് അത്ര ആവശ്യമില്ലായിരുന്നു. എന്നാൽ, ഇക്കുറി ഇന്ത്യ വേദിയാകുന്പോൾ ചില പിച്ചുകളെങ്കിലും അശ്വിനെ ആവശ്യപ്പെടുന്നുണ്ട്. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരേ മത്സരം നടക്കുന്ന ചെന്നൈ അതുപോലൊരു വേദിയാണ്.
ഒന്പതു വേദികളിൽ ഒന്പത് എതിരാളികൾക്കെതിരേയാണ് ഇന്ത്യയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ. ഇതിൽ ഒട്ടുമിക്ക സ്റ്റേഡിയങ്ങളിലും ബാറ്റ് ചെയ്യാൻ കെൽപ്പുള്ള അശ്വിനെയോ ഷാർദുൾ താക്കുറിനെയോ ഇന്ത്യക്ക് ഉൾപ്പെടുത്തേണ്ടിവരും. ചെന്നൈയിലെ സാഹചര്യങ്ങൾ പരിഗണിച്ചാൽ ഒന്നുറപ്പാണ്; അശ്വിൻ ടീമിലെത്തും.
നാട്ടുകാരനെന്ന ആനുകൂല്യം അശ്വിന് അനുകൂലമാണ്. ചെന്നൈയിലെ പിച്ചിനെക്കുറിച്ച് അശ്വിൻതന്നെ പറഞ്ഞിട്ടുണ്ട്: ‘ഇവിടത്തെ കാറ്റ് എന്നോടു സംസാരിക്കാറുണ്ട്.
ഗാലറിയിലെ ഓരോരുത്തരും എന്നോട് സംസാരിക്കാറുണ്ട്’. അപ്രതീക്ഷിത കയറ്റിറക്കങ്ങൾ നിറഞ്ഞതാണ് അശ്വിന്റെ ഏകദിനയാത്ര. കളി തുടങ്ങിയത്തേക്കുതന്നെ കാര്യങ്ങളെത്തുന്പോൾ അതു കാവ്യനീതി.