ചരിത്രമരികെ...
Wednesday, October 4, 2023 1:47 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ റിക്കാർഡ് മെഡൽനേട്ടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഇന്നലെ രണ്ടു സ്വർണമുൾപ്പെടെ ഏഴു മെഡലുകൾ കൂടി നേടിയതോടെ ഹാങ്ഝൗ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 69 ആയി. രണ്ടു മെഡൽ കൂടി നേടിയാൽ 2018ൽ ജക്കാർത്തയിൽ നേടിയ 70 മെഡലിന്റെ റിക്കാർഡ് തിരുത്തപ്പെടും.
വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണിയും 5000 മീറ്ററിൽ പരുൾ ചൗധരിയുമാണ് ഇന്നലെ ഇന്ത്യയുടെ സ്വർണനേട്ടക്കാർ. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം വനിതാ ജാവലിൻ ത്രോയിൽ സ്വർണം നേടുന്നത്. പുരുഷന്മാരുടെ 800 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഫ്സലും ഡെക്കാത്തലണിൽ തേജസ്വിൻ ശങ്കറും വെള്ളി നേടി.
പ്രവീണ്‍ ചിത്രവേൽ (ട്രിപ്പിൾ ജംപ്), നരേന്ദർ ബർവാൾ (ബോക്സിംഗ്), വിദ്യ രാംരാജ് (400 മീറ്റർ ഹർഡിൽസ്), പ്രീതി പവാർ (ബോക്സിംഗ്) എന്നിവർക്കു പുറമേ കനോയിംഗിലും ഇന്ത്യ ഇന്നലെ വെങ്കലം സ്വന്തമാക്കി. സ്ക്വാഷിലും ബോക്സിംഗിലും അന്പെയ്ത്തിലും ഇന്ത്യ മെഡൽ ഉറപ്പിച്ചിട്ടുണ്ട്.