ആൻസി ഫ്രം ഹാങ്ഝൗ
Tuesday, October 3, 2023 11:45 PM IST
സെബി മാളിയേക്കൽ
മൂന്നാം അന്താരാഷ്ട്ര മത്സരത്തിൽത്തന്നെ ഇന്ത്യക്കായി ലോംഗ് ജംപിൽ മെഡൽ നേടാനായതിന്റെ ത്രില്ലിലാണ് ആൻസി സോജനെന്ന കേരളത്തിന്റെ കൊച്ചുമിടുക്കി. ഒളിംപിക്സ് എന്ന ലക്ഷ്യവും ഏഴു മീറ്റർ മറികടക്കുകയെന്ന ജീവിതസ്വപ്നവും സാക്ഷാത്കരിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ തൃശൂർക്കാരി. ഏഷ്യൻ ഗെയിംസിലെ വെള്ളിത്തിളക്കത്തിന്റെ അതുല്യ നിമിഷത്തെക്കുറിച്ച് ഹാങ്ഝൗവിൽനിന്ന് ദീപികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖം...
‘ജീവിതത്തിലെ അസുലഭ അനുഭവം.. ഏറെനാളായി ഞാൻ കാത്തിരുന്ന നിമിഷം... ഞാൻ മൂലം നമ്മുടെ ദേശീയഗാനം പാടിക്കേൾക്കണമെന്നായിരുന്നു ആഗ്രഹം. പോഡിയത്തിൽ നിൽക്കുന്പോൾ ചൈനീസ് ദേശീയഗാനമാണ് അന്തരീക്ഷത്തിലുയർന്നതെങ്കിലും ഞാൻ മനസിൽ പാടിക്കൊണ്ടിരുന്നതു നമ്മുടെ ജനഗണമനയായിരുന്നു. ഇന്ത്യൻ പതാക ഉയരുന്നതു കണ്ടപ്പോൾ വല്ലാത്ത അഭിമാനം തോന്നി.
ഏറെ നാളായി ദൗർഭാഗ്യം എന്നെ പിന്തുടരുകയായിരുന്നു. എന്നാലും എന്റെ ദിവസം വരുമെന്ന് അറിയാമായിരുന്നു. ഹാങ്ഝൗവിൽ അതു സംഭവിച്ചു. ബാങ്കോക്കിലെ ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ഒരു സെന്റീ മീറ്ററിനാണു വെങ്കലം നഷ്ടമായത്. ഇവിടെ എല്ലാം കറക്ടായി ഹിറ്റ് ചെയ്യാൻ പറ്റി. അടുത്ത ലക്ഷ്യം ഒളിംപിക്സാണ്.
പക്ഷേ, എന്റെ സ്വപ്നം ഏഴു മീറ്റർ മറികടക്കുന്ന ആദ്യ വനിതയാവുകയെന്നതാണ്. അതിനായി കഠിന പരിശ്രമം ചെയ്യും. നമ്മളെക്കൊണ്ട് ആവുന്നത്ര പരിശ്രമിക്കുക എന്നതാണ് എന്റെ പോളിസി. റിസൽട്ടിനെക്കുറിച്ച് ഞാൻ വേവലാതിപ്പെടുന്നില്ല. അതുകൊണ്ടുതന്നെ വളരെ കൂളായാണു ഫൈനലിൽ മത്സരിച്ചത്.
മൂന്നാം ചാട്ടത്തിൽ 6.56 നേടിയപ്പോൾ മെഡൽ പ്രതീക്ഷ വന്നു. പിന്നെ അഞ്ചാം ചാട്ടത്തിലാണ് 6.63 നേടിയത്. ആറാം ശ്രമം ഫൗളായിപ്പോയി. എന്തായാലും എന്നെ പിന്തുണച്ച, പ്രോത്സാഹിപ്പിച്ച ഇപ്പോഴത്തെ കോച്ച് അനൂപ് ജോസഫിനും എന്റെ മാതാപിതാക്കൾക്കും ആദ്യകാല കോച്ച് കണ്ണൻമാഷ് ഉൾപ്പെടെ സകലർക്കും നന്ദി. ടി.എൻ. പ്രതാപൻ എംപി നേരിൽ വിളിച്ചും പ്രധാനമന്ത്രി ട്വിറ്ററിലൂടെയും അഭിനന്ദിച്ചിരുന്നു’ - ആൻസി പറഞ്ഞുനിർത്തി.
തൃശൂർ ജില്ലയിലെ നാട്ടികയെന്ന തീരദേശ ഗ്രാമത്തിന്റെ മണൽപ്പരപ്പിലൂടെ കളിച്ചുവളർന്ന് ഇന്ത്യൻ ക്യാന്പുവരെ എത്തിയ പെണ്കുട്ടിയാണ് ആൻസി സോജൻ. തൃശൂർ സെന്റ് തോമസ് കോളജിൽ ഇംഗ്ലീഷ് ആൻഡ് ഹിസ്റ്ററി അവസാനവർഷ ബിരുദ വിദ്യാർഥിനിയാണ്.
ഓട്ടോ ഡ്രൈവർ കോച്ച് എന്നറിയപ്പെടുന്ന കണ്ണൻ മാഷ് (പി.വി. സനോജ്) പരിശീലിപ്പിക്കുന്ന നാട്ടിക സ്പോർട്സ് അക്കാഡമിയിലൂടെയാണ് ആൻസി സ്കൂൾ, കോളജ് മത്സരങ്ങളിൽ സംസ്ഥാന ദേശീയ നേട്ടങ്ങൾ കരസ്ഥമാക്കിയത്. 2021ലാണ് ഇന്ത്യൻ ക്യാന്പിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
ഇതോടെ സ്പ്രിന്റ് ഇനങ്ങൾ വിട്ട് ലോംഗ് ജംപിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 2022ൽ ബർമിംഗ്ഹാം കോമണ്വെൽത്ത് ഗെയിംസ് ആയിരുന്നു ആദ്യ പ്രഫഷണൽ അന്താരാഷ്ട്ര മത്സരം.
പക്ഷേ 6.25 മീറ്റർ മാത്രം ചാടി പതിമൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആൻസിക്ക് അന്ന് ഫൈനലിലേക്കു യോഗ്യത നേടാനായില്ല. ഈ വർഷം ജൂലൈയിൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 6.45 മീറ്റർ ചാടിയെങ്കിലും നാലാം സ്ഥാനത്താവുകയായിരുന്നു.
തൃപ്രയാറിലെ ഓട്ടോ ഡ്രൈവറായ സോജന്റെയും ജാൻസിയുടെയും മൂന്നു മക്കളിൽ മൂത്തവളാണ് ആൻസി സോജൻ.
ആൻസി ഏഷ്യൻ ഗെയിംസിൽ
1. 6.13 മീറ്റർ
2. 6.49 മീറ്റർ
3. 6.56 മീറ്റർ
4. 6.30 മീറ്റർ
5. 6.63 മീറ്റർ
6. xx