ഇങ്ങനെയൊക്കെ ചെയ്യാമോ?
Saturday, September 23, 2023 12:59 AM IST
മയാമി: മുൻ ക്ലബ്ബായ പിഎസ്ജിക്കെതിരേ പരോക്ഷ വിമർശനവുമായി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. ലോകകപ്പ് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ അർജന്റൈൻ താരങ്ങളിൽ ക്ലബ്ബിന്റെ ഭാഗത്തുനിന്ന് ഒരു ആദരവും ലഭിക്കാതിരുന്നതു തനിക്കു മാത്രമാണെന്നു മെസി പറഞ്ഞു.
ഫ്രാൻസിനെതിരേയാണു ഞങ്ങൾ ഫൈനൽ ജയിച്ചത്. ഫ്രാൻസ് ലോകകപ്പ് നേടാത്തതു ഞങ്ങളുടെ തെറ്റാണ്. പിഎസ്ജിയിലെ എന്റെ സമയം അത്ര നല്ലതായിരുന്നില്ല. ഞാൻ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല എന്നതാണു സത്യം. എന്നാൽ, അവിടെവച്ചാണു ഞാൻ ലോക ചാന്പ്യനായത്. പക്ഷേ ഓരോ കാര്യങ്ങളും ഓരോ കാരണത്തിനുവേണ്ടിയാണു സംഭവിക്കുന്നതെന്നു ഞാൻ എപ്പോഴും പറയാറുണ്ട്- സ്പാനിഷ് യൂട്യൂബ് ചാനലായ ഓൾഗ എൻ വിവോയ്ക്കു നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞു.
വീണ്ടും ലോകകപ്പ് കളിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചും മെസി അഭിമുഖത്തിൽ തുറന്നുപറഞ്ഞു. അടുത്ത കോപ അമേരിക്ക ടൂർണമെന്റാണു ലക്ഷ്യം. അവിടത്തെ സാഹചര്യങ്ങൾ പരിഗണിച്ച് ഭാവിയെക്കുറിച്ചു തീരുമാനമെടുക്കും. ഇപ്പോൾ തന്റെ ചിന്തയിൽ ലോകകപ്പില്ല. ദിനംപ്രതി എന്ന കണക്കിലാണ് ഇപ്പോൾ താൻ കാര്യങ്ങൾ ചെയ്യുന്നതെന്നും മെസി പറഞ്ഞു. 2021-2023 കാലത്താണ് മെസി പിഎസ്ജിക്കായി ബൂട്ടണിഞ്ഞത്. അടുത്തിടെ പിഎസ്ജിയിൽനിന്ന് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് മെസി കൂടുമാറിയിരുന്നു.