മെസിക്കു പരിക്ക്
Friday, September 22, 2023 1:41 AM IST
ഫ്ളോറിഡ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ലയണൽ മെസിയുടെ ഇന്റർ മയാമിക്കു തകർപ്പൻ ജയം. ടൊറന്റോയെ എതിരില്ലാത്ത നാലു ഗോളുകൾക്കു മയാമി പരാജയപ്പെടുത്തി. റോബർട്ട് ടെയ്ലർ മയാമിക്കായി ഇരട്ട ഗോൾ (54’, 87’) നേടി. ഫകുണ്ടോ ഫാരിയസ് (45+3’), ബെഞ്ചമിൻ ക്രെമാഷി (73’) എന്നിവരാണു മറ്റു സ്കോറർമാർ. ജയത്തോടെ മയാമി 31 പോയിന്റുമായി 13-ാം സ്ഥാനത്തേക്കു മുന്നേറി. ഞായറാഴ്ച ഒർലാണ്ടോ സിറ്റിക്കെതിരേയാണു മയാമിയുടെ അടുത്ത മത്സരം.
അതേസമയം, രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഇന്റർ മയാമിക്കായി കളിക്കാനിറങ്ങിയ ലയണൽ മെസി പരിക്കിനെത്തുടർന്നു മടങ്ങി. മത്സരത്തിന്റെ 37-ാം മിനിറ്റിലാണ് മെസി പുറത്തുപോയത്. സ്പാനിഷ് താരം ജോർഡി ആൽബയും പരിക്കേറ്റു മത്സരത്തിനിടെ പുറത്തായിരുന്നു. ഒർലാണ്ടോക്കെതിരായ അടുത്ത മത്സരത്തിൽ രണ്ടു താരങ്ങളും കളിക്കില്ല. രണ്ടു മാസം മുന്‍പു കാലിനേറ്റ പരിക്കിൽനിന്നു മെസി മുക്തനായിട്ടില്ലെന്നാണു സൂചന.
പരിക്കിനെത്തുടർന്ന് അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഒന്നിൽമാത്രമാണ് മെസി കളിക്കാനിറങ്ങിയത്. സ്കാൻ ചെയ്തപ്പോൾ മെസിക്കു പരിക്കൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് മയാമി പരിശീലകൻ ടാറ്റ മാർട്ടിനോ പറഞ്ഞത്. ഈ മാസം 27ന് യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലിൽ മയാമി ഹൂസ്റ്റണ്‍ ഡൈനമാസിനെ നേരിടുന്നുണ്ട്.