ഡയമണ്ടിൽ രണ്ടാമൻ നീരജ്
Monday, September 18, 2023 1:09 AM IST
യൂജിൻ (അമേരിക്ക): 2023 ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്ത്യയുടെ ജാവലിൻത്രോ സൂപ്പർ താരം നീരജ് ചോപ്രയ്ക്കു രണ്ടാം സ്ഥാനം. 2023 ബുഡാപെസ്റ്റ് ലോക ചാന്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജിനായിരുന്നു 2022 ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം. യൂജിൻ ഡയമണ്ട് ലീഗ് ഫൈനലിൽ 83.80 മീറ്ററുമായി നീരജ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചെക് റിപ്പബ്ലിക്കിന്റെ യാകൂബ് വഡ്ലെച്ചിനാണു സ്വർണം. 84.24 മീറ്ററാണു ചെക് താരം കുറിച്ചത്. യാകൂബിന്റെ കരിയറിലെ മൂന്നാം ഡയമണ്ട് ലീഗ് ഫൈനൽ ടൈറ്റിലാണിത്.
ഡയമണ്ട് ലീഗ് ഫൈനലിൽ ആദ്യ ത്രോ ഫൗളിലൂടെയാണ് നീരജ് ചോപ്ര ആരംഭിച്ചത്. രണ്ടാം ശ്രമത്തിൽ 83.80 മീറ്റർ കുറിച്ചു. മൂന്നാം ശ്രമത്തിൽ 81.37 മീറ്റർ ജാവലിൻ പായിച്ച നീരജിന്റെ നാലാം ശ്രമം ഫൗളായി. അഞ്ചാം ശ്രമത്തിൽ 80.74 മാത്രമാണ് നീരജിന് എറിയാൻ കഴിഞ്ഞത്. അതേസമയം, 2023 സീസണിൽ ദോഹ, ലുസെയ്ൻ ഡയമണ്ട് ലീഗുകളിൽ നീരജ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.
ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക താരമാണു നീരജ്. മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കർ, 3000 മീറ്റർ സ്റ്റീപ്പിൾ ചേസുകാരൻ അവിനാഷ് സാബ് ലെ, ട്രിപ്പിൾജംപ് താരം പ്രവീണ്‍ ചിത്രവേൽ എന്നവർക്കു യോഗ്യത ലഭിച്ചെങ്കിലും ഏഷ്യൻ ഗെയിംസ് മുന്നൊരുക്കത്തിന്റെ ഭാഗമായി പിൻവാങ്ങിയിരുന്നു. 23 മുതൽ ചൈനയിലാണ് 19-ാം ഏഷ്യൻ ഗെയിംസ്.