ജയ്സ്വാള് ടീമില്
Monday, May 29, 2023 12:40 AM IST
മുംബൈ: ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് പുറത്ത്. പകരക്കാരനായി രാജസ്ഥാൻ റോയൽസിന്റെ യുവതാരം യശസ്വി ജയ്സ്വാളിനെ ടീമിൽ ഉൾപ്പെടുത്തി. സ്റ്റാൻഡ്ബൈ താരമായാണു ജയ്സ്വാൾ ടീമിലെത്തുക. താരം ഉടൻതന്നെ ലണ്ടനിലേക്കു പോകും.
വിവാഹം അടുത്തതിനെത്തുടർന്നാണു ഗെയ്ക്വാദിനെ ബിസിസിഐ ടീമിൽനിന്ന് ഒഴിവാക്കിയത്. ജൂണ് മൂന്നിനും നാലിനുമാണു താരത്തിന്റെ വിവാഹച്ചടങ്ങുകൾ. ജൂണ് അഞ്ചിനു ശേഷമേ ലണ്ടനിൽ എത്താനാകുവെന്നു ഗെയ്ക്വാദ് ബിസിസിഐയെ അറിയിച്ചു. ഇതോടെയാണു പകരക്കാരനെ തെരഞ്ഞെടുക്കാനും ബിസിസിഐയും പരിശീലകൻ രാഹുൽ ദ്രാവിഡും നിർബന്ധിതരായത്.
ഐപിഎല്ലിൽ 14 മത്സരങ്ങൾ കളിച്ച ജയ്സ്വാൾ 625 റണ്സ് അടിച്ചുകൂട്ടി. രഞ്ജി ട്രോഫിയിൽ അഞ്ചു മത്സരങ്ങളിൽനിന്ന് 404 റണ്സ് നേടി. ജൂണ് ഏഴിനാണ് ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ.