പിഎസ്ജി ചാന്പ്യൻസ്
Monday, May 29, 2023 12:40 AM IST
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ കിരീടത്തിൽ വീണ്ടും മുത്തമിട്ട് പിഎസ്ജി. ഇന്നലെ സ്ട്രാസ്ബുർഗിനോട് (1-1) സമനില വഴങ്ങിയെങ്കിലും പിഎസ്ജി തങ്ങളുടെ 11-ാം ലീഗ് വണ്‍ കിരീടം ഉറപ്പിച്ചു. ഒരു മത്സരം ബാക്കിനിൽക്കെയാണു പിഎസ്ജിയുടെ കിരീടനേട്ടം.
ലയണൽ മെസി നേടിയ ഗോളിന്റെ ബലത്തിലാണു പിഎസ്ജി കിരീടം നേടിയത്. രണ്ടാം പകുതിയി (59’) ലായിരുന്നു മെസിയുടെ ഗോൾ. ബോക്സിന്റെ ഇടതു പാർശ്വത്തിൽനിന്ന് സൂപ്പർതാരം കിലിയൻ എംബാപ്പെ നൽകിയ പാസ് മെസി വലയിലെത്തിക്കുകയായിരുന്നു. 79ാം മിനിറ്റിൽ കെവിൻ ഗമേറോയിലൂടെ സ്ട്രാസ്ബർഗ് ഒപ്പമെത്തി. ഒരു മത്സരം ബാക്കി നിൽക്കെ, ലീഗിൽ രണ്ടാമതുള്ള ലെൻസിനേക്കാൾ നാലു പോയിന്റ് ലീഡ് പിഎസ്ജിക്കുണ്ട്. അടുത്ത മത്സരം ജയിച്ചാലും ലെൻസിനു കിരീടം നേടാനാകില്ല.
ഇതോടെ ഏറ്റവും കൂടുതൽ തവണ ലീഗ് വണ്‍ ചാന്പ്യന്മാരെന്ന നേട്ടം പിഎസ്ജി സ്വന്തമാക്കി. 10 തവണ ചാന്പ്യന്മാരായ സെന്റ് എറ്റിയനെയാണ് പിഎസ്ജി മറികടന്നത്. 1985-86, 1993-94, 2012-13, 2013-14, 2014-15, 2015-16, 2017-18, 2018-19, 2019-20, 2021-22 സീസണുകളിലാണ് പിഎസ്ജി ഇതിനുമുന്‍പ് കിരീടം നേടിയത്. പിഎസ്ജിക്കും ലെൻസിനും പുറമേ മാഴ്സയാണ് ലീഗിൽനിന്ന് ചാന്പ്യൻസ് ലീഗിന് യോഗ്യത നേടിയ ടീം.