പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിന് ഇന്നു തുടക്കം
Saturday, March 4, 2023 12:02 AM IST
ഇന്ത്യൻ ക്രിക്കറ്റിൽ ഇന്ന് വനിതാ ദിനം... പ്രഥമ വനിതാ ട്വന്റി-20 ക്രിക്കറ്റ് പൂരത്തിന് ഇന്നു കൊടിയേറ്റ്. പുരുഷന്മാരുടെ ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20ക്ക് സമാനമായുള്ള ഡബ്ല്യുപിഎൽ (വനിതാ പ്രീമിയർ ലീഗ്) പോരാട്ടത്തിന് ഇന്നു മുംബൈയിൽ തുടക്കം.
ഉദ്ഘാടനമത്സരത്തിൽ ഓസീസ് താരം ബെത് മൂണി നയിക്കുന്ന ഗുജറാത്ത് ജയ്ന്റ്സും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസും കൊന്പുകോർക്കും. നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി 7.30നാണു മത്സരം. മത്സരം സ്പോർട്സ് 18, ജിയോ സിനിമ എന്നിവിടങ്ങളിൽ തത്സമയം.
സ്റ്റേഡിയം
മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലും നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലുമാണ് ടൂർണമെന്റ് അരങ്ങേറുക. പ്ലേ ഓഫ് ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലും ഫൈനൽ ബ്രാബോണിലും അരങ്ങേറും.
ടീം
ഡൽഹി ക്യാപ്പിറ്റൽസ്, ഗുജറാത്ത് ജയ്ന്റ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, യുപി വാരിയേഴ്സ് എന്നിങ്ങനെ അഞ്ച് ടീമുകളാണു ടൂർണമെന്റിലുള്ളത്. ഓസ്ട്രേലിയൻ താരങ്ങളായ ബെത് മൂണി ഗുജറാത്തിനെയും മെഗ് ലാന്നിംഗ് ഡൽഹിയെയും അലീസ ഹീലി യുപി വാരിയേഴ്സിനെയും നയിക്കും. ഇന്ത്യൻ താരങ്ങളായ ഹർമൻപ്രീത് കൗറും സ്മൃതി മന്ദാനയുമാണു മുംബൈ ഇന്ത്യൻസിന്റെയും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെയും ക്യാപ്റ്റന്മാർ.
മത്സരം
ഫൈനൽ അടക്കം ടൂർണമെന്റിൽ ആകെ 22 മത്സരങ്ങൾ അരങ്ങേറും. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാർ നേരിട്ട് ഫൈനലിലേക്കു യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനക്കാർ പ്ലേ ഓഫ് എലിമിനേറ്ററിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് എലിമിനേറ്ററിൽ ജയിക്കുന്ന ടീമാണു രണ്ടാമത്തെ ഫൈനലിസ്റ്റ്.
വനിതകൾക്കു ഫ്രീ
ടൂർണമെന്റിൽ മത്സരം കാണാനായി വനിതകൾക്കും പെണ്‍കുട്ടികൾക്കും സൗജന്യമായി സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയം. അതേസമയം, ടിക്കറ്റെടുത്ത് കാണാനുള്ള അവസരവും ഏവർക്കുമുണ്ട്. 100 മുതൽ 400 വരെയാണു ടിക്കറ്റ് നിരക്ക്.
കോടി സമ്മാനം
പ്രഥമ ഡബ്ല്യുപിഎൽ ജേതാക്കൾക്ക് 10 കോടി രൂപയാണു പ്രൈസ് മണിയായി ലഭിക്കുക. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് പ്രഥമ ഡബ്ല്യുപിഎല്ലിലെ ഏറ്റവും വിലയേറിയ താരം-3.4 കോടി രൂപ. ഗുജറാത്തിന്റെ ഓസീസ് താരം ആഷ്ലി ഗാർഡ്നർ, മുംബൈ ഇന്ത്യൻസിന്റെ ഇംഗ്ലീഷ് താരം നാറ്റ് ഷീവർ ബ്രന്റ് എന്നിവരാണ് (3.2 കോടി) തൊട്ടുപിന്നിൽ.