ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ഇന്നുമുതൽ
Wednesday, March 1, 2023 12:22 AM IST
ഇൻഡോർ: ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ-ഗാവസ്കർ ട്രോഫി പരന്പരയിലെ മൂന്നാം ടെസ്റ്റ് ഇന്നുമുതൽ. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയമാണു വേദി. കഴിഞ്ഞ മത്സരത്തോടെ ബോർഡർ-ഗാവസ്കർ ട്രോഫി ഉറപ്പിച്ച ഇന്ത്യ, ഇൻഡോറിലും ജയിച്ചു പരന്പര സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ്. ഒപ്പം, ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലും ഉറപ്പിക്കാം. മത്സരം രാവിലെ 9.30 മുതൽ സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിലും ഡിസ്നി ഹോട്ട്സ്റ്റാറിലും തത്സമയം.
രാഹുൽ പുറത്ത്
ഇന്ത്യക്കു പരിക്കോ മറ്റു പ്രശ്നങ്ങളോ ഇല്ല. നാഗ്പുരിനും ഡൽഹിക്കും സമാനമായ ഇൻഡോറിലെ പിച്ചിൽ ബാറ്റർമാർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചാൽ മറ്റുകാര്യങ്ങൾ സ്പിന്നർമാർ നോക്കിക്കൊള്ളും.
ഓപ്പണിംഗാണ് ഇന്ത്യയുടെ പ്രശ്നം. 2021 ഡിസംബറിനുശേഷം ഇന്ത്യക്കു സെഞ്ചുറി തികച്ച ഓപ്പണിംഗ് കൂട്ടുകെട്ടില്ല (കെ.എൽ. രാഹുൽ-മായങ്ക് അഗർവാൾ-117). അതുകൊണ്ടുതന്നെ ആദ്യ രണ്ടു ടെസ്റ്റിലും പരാജയപ്പെട്ട കെ.എൽ. രാഹുലിനു പകരം തകർപ്പൻ ഫോമിലുള്ള ശുഭ്മൻ ഗിൽ ടീമിലെത്തിയേക്കും. രാഹുൽ നെറ്റിലെ പരിശീലനം ഒഴിവാക്കിയത് ഈ റിപ്പോർട്ടിനെ സാധൂകരിക്കുന്നുണ്ട്.
എന്ത്, എങ്ങനെ?
പരിക്കിനെത്തുടർന്ന് ആദ്യ രണ്ടു മത്സരങ്ങൾ നഷ്ടപ്പെട്ട മിച്ചൽ സ്റ്റാർക്കും കാമറൂണ്‍ ഗ്രീനും ഓസീസ് നിരയിൽ തിരിച്ചെത്തും. നായകൻ പാറ്റ് കമ്മിൻസ് നാട്ടിലേക്കു മടങ്ങിയതിനാൽ സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുക.
ഇന്ത്യൻ സ്പിന്നർമാരെ എങ്ങനെ നേരിടാമെന്ന പരീക്ഷണത്തിലാണ് ഓസീസ്. പരന്പരയിൽ ഓസ്ട്രേലിയയുടെ വീണ 40 വിക്കറ്റിൽ 32 എണ്ണവും സ്പിന്നിനെതിരേയാണ്. അതിൽത്തന്നെ 21 വിക്കറ്റുകൾ എൽബിഡബ്ല്യുവാണ്. സ്പിന്നർമാർക്കെതിരേ സ്വീപ്പും റിവേഴ്സ് സ്വീപ്പുമടക്കമുള്ള ഷോട്ടുകൾ കളിച്ചാണ് ആദ്യ രണ്ടു ടെസ്റ്റുകളിലും ഓസ്ട്രേലിയക്കാർ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. അതുകൊണ്ടുതന്നെ, പാദചലനങ്ങൾ ഉപയോഗിച്ച് സ്പിന്നർമാർക്കെതിരേ ഡൗണ്‍ ദ ഗ്രൗണ്ട് ഷോട്ടുകൾ കളിക്കാനാണ് ഓസ്ട്രേലിയൻ ബാറ്റർമാർ പരിശീലിക്കുന്നത്.
സ്പിൻ ആക്രമണത്തിൽ ഓസീസിനു വലിയ പ്രശ്നങ്ങളില്ല. നാഗ്പുരിൽ ഏഴു വിക്കറ്റുമായി ടോഫ് മർഫിയും ഡൽഹിയിൽ വിരാട് കോഹ്ലിയെ പുറത്താക്കി മാത്യു കുനെമനും കഴിവു തെളിയിച്ചതാണ്. ബാറ്റിംഗിൽ സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്നുമടക്കമുള്ളവർ ഫോമിലേക്ക് ഉയരാത്തതാണ് ഓസ്ട്രേലിയയ്ക്കു തിരിച്ചടിയാകുന്നത്.
സ്പിൻ പിച്ച്
ഇൻഡോറിലെ പിച്ച് ആദ്യ ദിനങ്ങളിൽ പേസിനെ തുണയ്ക്കുന്നതാണ്. പിന്നീട് സ്പിന്നർമാർക്ക് അവസരമൊരുക്കി നൽകും. പിച്ചിന്റെ മധ്യത്തിൽ മാത്രമാണു പുല്ലുള്ളത്.
കഴിഞ്ഞ മത്സരങ്ങളിൽ ഓസ്ട്രേലിയയെ പൂട്ടിക്കെട്ടിയ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും അഴിഞ്ഞാടാനുള്ള വക പിച്ചിലുണ്ടെന്നു ചുരുക്കം.