മാഞ്ചെസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പ് ജേതാക്കൾ
Tuesday, February 28, 2023 12:58 AM IST
ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പ് സ്വന്തമാക്കി മാഞ്ചെസ്റ്റർ യുണൈറ്റഡ്. ഞായറാഴ്ച നടന്ന ഫൈനലിൽ ന്യൂകാസിലിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു എറിക് ടെൻ ഹാഗിന്റെ യുണൈറ്റഡ് പരാജയപ്പെടുത്തി.
33-ാം മിനിറ്റിൽ കസെമിറോയാണു യുണൈറ്റഡിനായി ആദ്യ ഗോൾ നേടിയത്. ലൂക് ഷായുടെ ഫ്രീ കിക്കിലായിരുന്നു കസെമിറോയുടെ ഗോൾ. ആറു മിനിറ്റിനുശേഷം ഗോളടിയന്ത്രം മാർകസ് റാഷ്ഫോഡിലൂടെ യുണൈറ്റഡ് വിജയമുറപ്പിച്ചു.
2016-17 സീസണിൽ യൂറോപ്പ ലീഗ് കിരീടം നേടിയ ശേഷം യുണൈറ്റഡ് നേടുന്ന ആദ്യ കിരീടമാണിത്; ആറാം ലീഗ് കപ്പ് കിരീടവും. ഹൊസെ മൗറീഞ്ഞോയ്ക്കു കീഴിലാണു യുണൈറ്റഡ് ഇതിനു മുന്പ് കിരീടം നേടിയത്. 54 വർഷത്തിനിടെ ന്യൂകാസിലിന് ഒരു പ്രധാന കിരീടവും നേടാനായിട്ടില്ല.