ബൈ ബൈ... റാമോസ്
Friday, February 24, 2023 11:33 PM IST
മാഡ്രിഡ്: സ്പാനിഷ് ദേശീയ ടീം കുപ്പായത്തിൽ ഇനി സൂപ്പർ ഡിഫെൻഡർ സെർജിയൊ റാമോസ് ഇല്ല. രാജ്യാന്തര കരിയർ അവസാനിപ്പിക്കുന്നതായി സെർജിയൊ റാമോസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ കളിക്കാരനാണ് മാർച്ചിൽ 37 വയസ് തികയുന്ന സെർജിയൊ റാമോസ്. 2010 ഫിഫ ലോകകപ്പ്, 2008, 2012 യുവേഫ യൂറോ കപ്പ് എന്നിങ്ങനെ തുടർച്ചയായി മൂന്ന് കിരീടങ്ങൾ നേടിയ സ്പാനിഷ് ടീമിൽ അംഗമായിരുന്നു റാമോസ്.
ദേശീയ ടീമിനോടു വിടപറയേണ്ട സമയമായിരിക്കുന്നു. രാവിലെ ദേശീയ ടീം പരിശീലകന്റെ ഫോണ് എത്തി, അദ്ദേഹം എന്നെ പരിഗണിക്കില്ല എന്ന് വ്യക്തമാക്കി- വിരമിക്കൽ പ്രഖ്യാപിച്ച് സെർജിയൊ റാമോസ് കുറിച്ചു.
സ്പാനിഷ് ദേശീയ ടീമിനായി ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരം കളച്ചതിന്റെ റിക്കാർഡുമായാണ് (180 മത്സരം) റാമോസ് വിരമിക്കുന്നത്.
പ്രായം പ്രശ്നം?
റാമോസ് കളമൊഴിഞ്ഞതോടെ സ്പാനിഷ് ടീമിൽ നിലവിൽ റയൽ മാഡ്രിഡ് പശ്ചാത്തലമുള്ള കളിക്കാർ ഇല്ലെന്ന അവസ്ഥയായി. പ്രായമല്ല, പ്രകടനമാണു കണക്കാക്കേണ്ടതെന്നും തനിക്കിനിയും കളത്തിൽ തുടരാനുള്ള കരുത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനായി ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച്, പോർച്ചുഗലിന്റെ പെപ്പെ, അർജന്റീനയുടെ ലയണൽ മെസി എന്നിവർ ലോകകപ്പ് കളിച്ചത് ചൂണ്ടിക്കാട്ടാനും റാമോസ് മറന്നില്ല.
180 മത്സരങ്ങളിൽനിന്ന് 23 ഗോൾ റാമോസ് ലാ റോഹ ജഴ്സിയിൽ നേടി. എട്ട് ഗോളിന് അസിസ്റ്റ് ചെയ്തു. ഫിഫ ലോകകപ്പിൽ 17 മത്സരങ്ങൾ കളിച്ചു.