ഐസിസി ബൗളിംഗ് റാങ്കിംഗിൽ ഒന്നാമതെത്തി ജയിംസ് ആൻഡേഴ്സണ്
Thursday, February 23, 2023 12:26 AM IST
ദുബായ്: ഐസിസി പുരുഷ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഇംഗ്ലണ്ടിന്റെ വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണ് ഒന്നാമത്. 40-ാം വയസിലാണു താരം ഒന്നാം റാങ്കിൽ തിരിച്ചെത്തുന്നത്. ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമാണ് ആൻഡേഴ്സണ്. 1936ൽ ഒന്നാം റാങ്കിലെത്തിയ ഓസ്ട്രേലിയൻ ലെഗ് സ്പിന്നർ ക്ലാരീ ഗ്രിമ്മറ്റിന്റെ റിക്കാർഡ് ആൻഡേഴ്സണ് മറികടന്നു.
ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെയും ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെയും പിന്തള്ളിയാണ് ആൻഡേഴ്സന്റെ കുതിപ്പ്. ന്യൂസിലൻഡിനെതിരായ ടെസ്റ്റിൽ ഏഴു വിക്കറ്റ് നേടിയ പ്രകടനമാണ് ഇംഗ്ലീഷ് പേസർക്കു തുണയായത്. ഇത് ആറാം തവണയാണു ടെസ്റ്റ് റാങ്കിംഗിൽ ആൻഡേഴ്സണ് ഒന്നാം സ്ഥാനം നേടുന്നത്. 2018ലാണ് അദ്ദേഹം അവസാനം ഒന്നാമതെത്തിയത്.
സഹതാരം സ്റ്റ്യുവർട്ട് ബ്രോഡിനൊപ്പം ഇംഗ്ലണ്ടിനായി 1009 ടെസ്റ്റ് വിക്കറ്റ് കൂട്ടുകെട്ടിലും ആൻഡേഴ്സണ് പങ്കാളിയായി. ഓസ്ട്രേലിയയുടെ ഷെയ്ൻ വോണ്‍-ഗ്ലെൻ മഗ്രാത്ത് കൂട്ടുകെട്ടിന്റെ 1001 വിക്കറ്റ് കൂട്ടുകെട്ടാണ് ആൻഡേഴ്സണ്-ബ്രോഡ് സഖ്യത്തിന്റെ തേരോട്ടത്തിൽ പഴങ്കഥയായത്.