കുംബ്ലെ ഇഫക്ട്
Tuesday, February 21, 2023 1:10 AM IST
24 വർഷം മുന്പ് ഒരു ഫെബ്രുവരിയിൽ ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിലാണ് അനിൽ കുംബ്ലെ ‘പെർഫെക്ട് 10’ സ്വന്തമാക്കുന്നത്; പാക്കിസ്ഥാനെതിരേ. ഞായറാഴ്ച രവീന്ദ്ര ജഡേജയും കോട്ലയിൽ ഇന്ദ്രജാലം കാട്ടി; ഏഴ് ഓസ്ട്രേലിയൻ വിക്കറ്റുകൾ പിഴുത്. ഒരു ഇന്നിംഗ്സിൽ അതിവേഗത്തിൽ ഏഴു വിക്കറ്റ് (12.1) നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ജഡേജ സ്വന്തം പേരിലെഴുതി. മത്സരത്തിലാകെ നേടിയത് 10 വിക്കറ്റ്.
കുംബ്ലെ-ജഡേജ
ലെഗ് സ്പിന്നറായ കുംബ്ലെയും ഇടംകൈയൻ സ്പിന്നറായ ജഡേജയും തമ്മിൽ ചില സാമ്യങ്ങളുണ്ട്. കുംബ്ലെയെപ്പോലെത്തന്നെ വായുവിൽ വേഗം കണ്ടെത്താനുള്ള കഴിവാണത്. ഇതു പിച്ചിൽ കുത്തിക്കുതിക്കുന്ന പന്തിനെ മനസിലാക്കാൻ ബാറ്റർക്കു ലഭിക്കുന്ന സമയം കുറയ്ക്കും. കൃത്യതയാണു മറ്റൊരു സാമ്യം.
ദിവസം മുഴുവൻ പിച്ചിലെ കൃത്യമായ സ്ഥലത്തുതന്നെ പന്തെറിയാൻ കഴിയുന്ന ചുരുക്കം ചിലതാരങ്ങളിൽ ഒരാളാണു ജഡേജ. കൃത്യതയിൽ പന്തെറിഞ്ഞാൽ ബാറ്റർക്കു ക്ഷമ നശിക്കും; മണ്ടത്തരം കാട്ടും. ഈ ക്ഷമയാണു ബോർഡർ-ഗാവസ്കർ ട്രോഫിയിലെ രണ്ടാം ഇന്നിംഗ്സിൽ ഓസീസ് ബാറ്റർമാർക്ക് ഇല്ലാതെപോയത്.
മുന്പ് റൗണ്ട് ആം ആക്ഷനു സമാനമായ രീതിയിൽ, വിക്കറ്റിൽനിന്ന് അകത്തിയാണു ജഡേജ പന്തെറിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ വിക്കറ്റിനു തൊട്ടടുത്തേക്കാണു ജഡേജയുടെ ഏറ്; സ്റ്റംപിനെ നേരിട്ട് ആക്രമിക്കുന്ന രീതിയിൽ. നല്ല പേസോടുകൂടി പന്തെറിയുന്ന ജഡേജയ്ക്കെതിരേ സ്വീപ് ഷോട്ട് ഒട്ടും ഫലപ്രദമല്ല. എന്നാൽ, ഈ ഷോട്ടിനു ശ്രമിച്ചാണ് ഓസീസ് ബാറ്റർമാരിൽ ഭൂരിഭാഗവും രണ്ടാം ഇന്നിംഗ്സിൽ പുറത്തായത്; അതും ലോകോത്തര ബാറ്ററായ സ്റ്റീവൻ സ്മിത്ത് ഉൾപ്പെടെ.
സൂപ്പർസ്റ്റാർസ്
കുംബ്ലെയും ജഡേജയും തമ്മിൽ മറ്റൊരു സാമ്യംകൂടിയുണ്ട്. തുടക്കകാലത്ത്, ഏകദിന ക്രിക്കറ്റിലെ മധ്യ ഓവറുകളിൽ റണ്നിരക്ക് നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ബൗളർമാരായിരുന്നു ഇരുവരും. എന്നാൽ, ടെസ്റ്റിൽ ഇവർ സൂപ്പർതാരപദവി നേടിയെടുത്തു.
2012ൽ ഇംഗ്ലണ്ടിനെതിരേ നാഗ്പൂരിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ജഡേജയെ അന്നത്തെ നായകൻ എം.എസ്. ധോണി ബാറ്റ് ചെയ്യാൻ കഴിയുന്ന സ്പിന്നറായാണു പരിഗണിച്ചിരുന്നത്. എന്നാൽ 2016ലെ ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ ജഡേജ വിശ്വരൂപം കാട്ടിത്തുടങ്ങി; പരന്പരയിലെ അഞ്ചാം ടെസ്റ്റിൽ 48 റണ്സ് വഴങ്ങി ഏഴു വിക്കറ്റ് നേടിയ പ്രകടനത്തോടെ.
നേരത്തേ, ടെസ്റ്റ് മത്സരങ്ങളിൽ സ്പിന്നർമാർക്കെതിരേ ഫ്രണ്ട് ഫുട്ടിൽ പാഡുപയോഗിച്ച് പന്ത് പ്രതിരോധിക്കുന്ന രീതിയുണ്ടായിരുന്നു. എന്നാൽ, ഡിആർഎസ് വന്നതോടെ ഇതു നിന്നുപോയ കലാരൂപമായി. ട്വന്റി20 കാലത്ത് കളിക്കുന്ന താരങ്ങൾ എല്ലാ പന്തുകളും ബാറ്റുപയോഗിച്ച് കളിക്കാൻ ശ്രമിക്കുന്നു. ഇതു ജഡേജയെ കൂടുതൽ അപകടകാരിയാക്കി.
പരിക്കുകൾ ഏറെ അലട്ടാത്ത ചുരുക്കം താരങ്ങളിലൊന്നാണു ജഡേജ. തന്റെ ശരീരത്തെക്കുറിച്ച് അദ്ദേഹത്തിനു നല്ല ബോധ്യമുണ്ട്. ലളിതമായ ആക്ഷനും കൈക്കുഴച്ചലനങ്ങളും മനഃസാന്നിധ്യവും മുതലാക്കി ജഡേജ നേട്ടംകൊയ്യുകയാണ്. വെറും 62 ടെസ്റ്റിൽനിന്നു താരം പേരിലെഴുതിയ 259 വിക്കറ്റുകൾ അതിന്റെ തെളിവാണ്.
ആർ-ആർ കോംബോ
രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും 45 ടെസ്റ്റുകളിൽ ഒരുമിച്ചു പന്തെറിഞ്ഞു. 86 ഇന്നിംഗ്സുകളിൽനിന്ന് 248 വിക്കറ്റുകളാണ് അശ്വിന്റെ നേട്ടം; ശരാശരി- 22.25, സ്ട്രൈക്ക് റേറ്റ്-50.5. ജഡേജയുടെ 259 ടെസ്റ്റ് വിക്കറ്റുകളിൽ 214 എണ്ണവും അശ്വിനൊപ്പമാണ്. അതും അശ്വിനേക്കാൾ മികച്ച ശരാശരിയിൽ (ശരാശരി: 20.33, സ്ട്രൈക്ക് റേറ്റ്: 51.9). ഇരുവരുംകൂടി ഒന്നിച്ചുനേടിയത് 462 വിക്കറ്റുകളും.