ജയിക്കാനായി കേരളം
Thursday, February 16, 2023 11:42 PM IST
ഭുവനേശ്വർ: സന്തോഷ് ട്രോഫി ഫുട്ബോൾ 2022-23 സീസണ് നോക്കൗട്ട് സ്വപ്നം സജീവമായി നിലനിർത്താൻ ജയം മാത്രം ലക്ഷ്യമിട്ട് നിലവിലെ ചാന്പ്യന്മാരായ കേരളം ഇന്ന് കളത്തിൽ. ഗ്രൂപ്പ് എയിലെ നിർണായക പോരാട്ടത്തിൽ ആതിഥേയരായ ഒഡീഷയാണ് കേരളത്തിന്റെ എതിരാളികൾ. ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം ആരംഭിക്കുക.
ഗ്രൂപ്പിൽ മൂന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ നാല് പോയിന്റുമായി കേരളം നാലാം സ്ഥാനത്താണ്. ഇത്രയും പോയിന്റുമായി ഒഡീഷ ഗോൾ ശരാശരിയുടെ ബലത്തിൽ മൂന്നാം സ്ഥാനത്തുണ്ട്.
ഇന്ന് ജയിച്ചാൽ മാത്രമേ ഇരുടീമിന്റെയും നോക്കൗട്ട് സ്വപ്നം സജീവമായി നിലനിൽക്കൂ. ഏഴ് പോയിന്റ് വീതമുള്ള കർണാടകയും പഞ്ചാബും ആണ് ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലേക്ക് യോഗ്യത നേടുക.