ഇന്ത്യക്ക് റിക്കാർഡ് ജയം, പരന്പര
Thursday, February 2, 2023 1:06 AM IST
അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയ്ക്കും ശുഭപര്യവസാനം. നിർണായകമായ മൂന്നാം ട്വന്റി-20യിൽ ഇന്ത്യ 168 റണ്‍സിന്റെ വന്പൻ ജയം സ്വന്തമാക്കി. ശുഭ്മൻ ഗില്ലിന്റെ കന്നി ട്വന്റി-20 സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ മിന്നും ജയം സ്വന്തമാക്കിയത്.
63 പന്തിൽ ഏഴ് സിക്സും 12 ഫോറും അടക്കം 126 റണ്‍സുമായി ഗിൽ പുറത്താകാതെ നിന്നു. പരന്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. രാജ്യാന്തര ട്വന്റി-20യിൽ ഒരു ഇന്ത്യൻ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ശുഭ്മൻ ഗിൽ നേടിയ 126 നോട്ടൗട്ട്. ഗില്ലാണ് പ്ലെയർ ഓഫ് ദ മാച്ച്. ഹാർദിക് പാണ്ഡ്യ പ്ലെയർ ഓഫ് ദ ടൂർണമെന്റായി. സ്കോർ: ഇന്ത്യ 234/4 (20), ന്യൂസിലൻഡ് 66 (12.1)
ദിൽ ദിൽ ഗിൽ
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓപ്പണർ ഇഷാൻ കിഷനെ (1) തുടക്കത്തിൽതന്നെ നഷ്ടപ്പെട്ടെങ്കിലും രാഹുൽ ത്രിപാഠിയും (22 പന്തിൽ 44) ശുഭ്മൻ ഗില്ലും ചേർന്ന് രണ്ടാം വിക്കറ്റിൽ 80 റണ്‍സ് നേടി. സൂര്യകുമാർ യാദവും (13 പന്തിൽ 24), ഹാർദിക് പാണ്ഡ്യയും (17 പന്തിൽ 30) ആക്രമിച്ചു കളിച്ചെങ്കിലും ദീർഘനേരം ക്രീസിൽ തുടരാൻ സാധിച്ചില്ല. ഹാർദിക്കും ഗില്ലും ചേർന്ന് നാലാം വിക്കറ്റിൽ 40 പന്തിൽ 103 റണ്‍സ് അടിച്ചൂകൂട്ടി.
നേരിട്ട 35-ാം പന്തിലായിരുന്നു ഗിൽ അർധസെഞ്ചുറിയിൽ എത്തിയത്. ഏഴ് ഫോർ മാത്രമേ അർധസെഞ്ചുറിയിലേക്ക് ഗിൽ അടിച്ചുള്ളൂ. എന്നാൽ, നേരിട്ട 54-ാം പന്തിൽ ഗിൽ കന്നി ട്വന്റി-20 സെഞ്ചുറി നേടി. അഞ്ച് സിക്സും 10 ഫോറും സെഞ്ചുറിയിലേക്ക് ഗില്ലിനെ അകന്പടി സേവിച്ചു. ഏഴ് സിക്സും 12 ഫോറുമായിരുന്നു ഗില്ലിന്റെ റിക്കാർഡ് ഇന്നിംഗ്സിൽ ഉണ്ടായിരുന്നത്. അർധസെഞ്ചുറിക്കുശേഷമാണ് ഗിൽ ഏഴ് സിക്സും അടിച്ചതെന്നതാണ് ശ്രദ്ധേയം.
തുടരെ വിക്കറ്റ്
235 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ന്യൂസിലൻഡിന് തുടക്കം മുതൽ പിഴച്ചു. സ്കോർ ബോർഡിൽ നാല് റണ്‍സുള്ളപ്പോൾ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ ഫിൻ അലിൻ (3) പുറത്ത്. ഫസ്റ്റ് സ്ലിപ്പിൽ സൂര്യകുമാർ യാദവിന്റെ ഉജ്വല ക്യാച്ചിലൂടെയായിരുന്നു അലിൻ മടങ്ങിയത്. ഗ്ലെൻ ഫിലിപ്സിനെ (2) പുറത്താക്കാനും ഹാർദിക്കിന്റെ പന്തിൽ സമാനമായ ക്യാച്ച് സൂര്യകുമാർ എടുത്തു. രണ്ടാം ഓവറിൽ ഡിവോണ്‍ കോണ്‍വെ (1), മാർക്ക് ചാപ്മാൻ (0) എന്നിവരെ പുറത്താക്കി അർഷ്ദീപ് സിംഗും ആഞ്ഞടിച്ചു. ഡാരെൽ മിച്ചൽ (25 പന്തിൽ 35) ആണ് ന്യൂസിലൻഡ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഡാരെൽ മിച്ചലിനൊപ്പം ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ (13) മാത്രമാണ് ന്യൂസിലൻഡ് ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത്. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ നാലും അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, ശിവം മാവി എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.
റിക്കാർഡ് ജയം
ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റിക്കാർഡും ശുഭ്മൻ ഗിൽ (23 വയസും 146 ദിനവും) സ്വന്തമാക്കി. സുരേഷ് റെയ്നയുടെ (23 വയസും 156 ദിനവും) പേരിലുണ്ടായിരുന്ന റിക്കാർഡാണ് ഗിൽ തിരുത്തിയത്.
168 റണ്‍സിന്റെ ജയം നേടിയതോടെ ഐസിസി ഫുൾ അംഗത്വമുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിലെ ഏറ്റവും വലിയ വിജയം എന്ന റിക്കാർഡിൽ ഇന്ത്യയുമെത്തി. രാജ്യാന്തര ട്വന്റി-20യിലെ റണ്‍ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ രണ്ടാമത്തെ ജയവുമാണിത്. ശ്രീലങ്ക 172 റണ്‍സിന് കെനിയയെ തോൽപിച്ചതാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡിന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് 66.