1168 കോടി അന്പോ എൻസോ!
Thursday, February 2, 2023 1:06 AM IST
ലണ്ടൻ: ഫിഫ 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ അർജന്റീനയുടെ എൻസോ ഫെർണാണ്ടസിനെ റിക്കാർഡ് ട്രാൻസ്ഫർ തുകയ്ക്ക് ഇംഗ്ലീഷ് ക്ലബ് ചെൽസി സ്വന്തമാക്കി.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയ്ക്കാണ് ചെൽസി 22കാരനായ എൻസോ ഫെർണാണ്ടസിനെ പോർച്ചുഗൽ ക്ലബ്ബായ ബെൻഫികയിൽനിന്ന് സ്വന്തം തട്ടകത്തിലെത്തിച്ചത്. എൻസോയുടെ ട്രാൻസ്ഫറിനായി ചെൽസി മുടക്കിയത് 1168 കോടി രൂപ (131 മില്യണ്‍ യൂറോ) ആണ്.
ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ അവസാന മിനിറ്റിലായിരുന്നു എൻസോയെ ചെൽസി ഒപ്പുവച്ചതെന്നതും ശ്രദ്ധേയം. ഒരു അർജന്റൈൻ താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയുമാണിത്. സൂപ്പർ താരം ലയണൽ മെസിക്കും മുകളിലാണ് എൻസോയുടെ ട്രാൻസ്ഫർ തുക. എട്ടര വർഷത്തേക്കാണ് കരാർ കാലാവധി. 2021ൽ ആസ്റ്റണ്‍ വില്ലയിൽനിന്ന് ജാക് ഗ്രീലിഷിനെ 892 കോടി രൂപയ്ക്ക് (100 മില്യണ്‍ യൂറോ) മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയതായിരുന്നു ഇംഗ്ലണ്ടിലെ ഇതുവരെയുള്ള ഏറ്റവും വിലയേറിയ ട്രാൻസ്ഫർ.
ലാഭം കൊയ്ത് ബെൻഫിക
161 കോടി രൂപയ്ക്കാണ് (16 മില്യണ്‍ പൗണ്ട്) 2022 ജൂണിൽ അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിൽനിന്ന് എൻസോ ഫെർണാണ്ടസിനെ ബെൻഫിക സ്വന്തമാക്കിയത്. റിവർ പ്ലേറ്റിനു പുറത്ത് ലോണ്‍ വ്യവസ്ഥയിൽ കളിക്കുകയായിരുന്നു എൻസോ അക്കാലത്ത്.
ആറു മാസത്തിനുശേഷം ബെൻഫിക 1168 കോടി രൂപയ്ക്ക് എൻസോയെ ചെൽസിക്കും കൈമാറി. എൻസോയിലൂടെ മാത്രം ബെൻഫികയുടെ ലാഭം 1008 കോടി രൂപ! ചെൽസിയിലേക്കുള്ള ട്രാൻസ്ഫർ തുകയുടെ 25 ശതമാനം കമ്മീഷൻ റിവർ പ്ലേറ്റിനു ലഭിക്കും എന്നതും ശ്രദ്ധേയം.