ഇന്ത്യക്ക് 67 റൺസ് ജയം
Wednesday, January 11, 2023 12:37 AM IST
ഗോഹട്ടി: 45-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും അർധസെഞ്ചുറികളുമായി കളം നിറഞ്ഞ ഓപ്പണർമാരായ രോഹിത് ശർമ, ശുഭ്മാൻ ഗിൽ എന്നിവരുടെ കരുത്തിൽ ഇന്ത്യക്ക് വന്പൻ ജയം. ശ്രീലങ്കയ്ക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 67 റണ്‍സിന്റെ ജയം സ്വന്തമാക്കി.
87 പന്തിൽ 12 ഫോറും ഒരു സിക്സും അടക്കം 113 റണ്‍സ് നേടിയ കോഹ്ലി ആയിരുന്നു ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുംതൂണ്. രോഹിത് 67 പന്തിൽ 83ഉം ഗിൽ 60 പന്തിൽ 70ഉം റണ്‍സ് നേടിയതോടെ ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യ 50 ഓവറിൽ 373/7 എന്ന കൂറ്റൻ സ്കോർ.
ക്യാപ്റ്റൻ പതും നിസാങ്കയുടെ (108*) സെഞ്ചുറിയിലൂടെ തിരിച്ചടിക്കാനുള്ള ലങ്കയുടെ ശ്രമം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 306ൽ അവസാനിച്ചു. കോഹ്ലിയാണ് പ്ലെയർ ഓഫ് ദ മാച്ച്.
സച്ചിനെ മറികടന്ന് കോഹ്ലി
സ്വന്തം മണ്ണിൽ ഏറ്റവും വേഗത്തിൽ 20 ഏകദിന സെഞ്ചുറി എന്ന റിക്കാർഡിൽ കോഹ്ലി, സച്ചിൻ തെണ്ടുൽക്കറിനെ മറികടന്നു. സച്ചിനും കോഹ്ലിക്കും 20 ഹോം സെഞ്ചുറിയാണുള്ളത്. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഹോം സെഞ്ചുറി എന്ന റിക്കാർഡ് പങ്കിടുകയാണ് ഇരുവരും.
കോഹ്ലിക്ക് 20 ഹോം സെഞ്ചുറിയിലേക്ക് എത്താൻ 99 ഇന്നിംഗ്സ് മാത്രമാണു വേണ്ടിവന്നത്. സച്ചിൻ 160 ഇന്നിംഗ്സിൽനിന്നാണ് 20 ഹോം സെഞ്ചുറി നേടിയത്. ഹോം സെഞ്ചുറി റിക്കാർഡിൽ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല (69 ഇന്നിംഗ്സിൽ 14 സെഞ്ചുറി) ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ് (151 ഇന്നിംഗ്സിൽ 14 സെഞ്ചുറി) എന്നിവരാണ് സച്ചിനും കോഹ്ലിക്കും പിന്നിൽ.
ശ്രീലങ്കയ്ക്കെതിരേ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി എന്ന റിക്കാർഡിലും കോഹ്ലി, സച്ചിനെ മറികടന്നു. ഇന്നലത്തെ മത്സരത്തിനു മുന്‍പ് സച്ചിനും കോഹ്ലിയും ലങ്കയ്ക്കെതിരേ എട്ടു സെഞ്ചുറി വീതമായിരുന്നു. രണ്ട് രാജ്യത്തിനെതിരേ ഒന്‍പത് ഏകദിന സെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്ററുമായി കോഹ്ലി. വെസ്റ്റ് ഇൻഡീസിന് എതിരേയും കോഹ്ലിക്ക് ഒന്‍പത് സെഞ്ചുറിയുണ്ട്. സച്ചിന് ഓസ്ട്രേലിയയ്ക്ക് എതിരേ മാത്രമാണ് ഒന്‍പത് സെഞ്ചുറിയുള്ളത്. ഓസ്ട്രേലിയയ്ക്കെതിരേ കോഹ്ലിക്ക് എട്ട് സെഞ്ചുറിയുണ്ട്.
അതേസമയം, ഗോഹട്ടിയിലെ സെഞ്ചുറിയിലൂടെ രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറിന്റെ റിക്കാർഡിലേക്കു കോഹ്ലി ഒരു ചുവടുകൂടി അടുത്തു. 49 ഏകദിന സെഞ്ചുറിയാണ് സച്ചിന്റെ പേരിലുള്ളത്. കോഹ്ലിക്ക് സച്ചിന്റെ ഒപ്പമെത്താൻ ഇനി വേണ്ടിയത് വെറും നാലു സെഞ്ചുറി മാത്രം.
അതിവേഗം 12,500
ഏകദിനത്തിൽ അതിവേഗം 12,500 റണ്‍സ് തികയ്ക്കുന്ന താരം എന്ന റിക്കാർഡും വിരാട് കോഹ്ലി ഇന്നലെ സ്വന്തം പേരിൽ ചേർത്തു. രോഹിത് - ശുഭ്മാൻ ഗിൽ ഓപ്പണിംഗ് വിക്കറ്റിൽ 143 റണ്‍സ് ചേർത്തശേഷമാണ് കോഹ്ലി ക്രീസിലെത്തിയത്. 117 മിനിറ്റ് ക്രീസിൽ ചെലവഴിച്ച കോഹ്ലിയുടെ ബാറ്റിൽനിന്ന് ഒരു സിക്സും 12 ഫോറും പിറന്നു.
കെ.എൽ. രാഹുൽ 29 പന്തിൽ 39ഉം ശ്രേയസ് അയ്യർ 24 പന്തിൽ 28ഉം റണ്‍സ് വീതം നേടി. ശ്രീലങ്കയുടെ രജിത മൂന്നു വിക്കറ്റ് സ്വന്തമാക്കി.
ശനക, നിസാങ്ക
374 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ശ്രീലങ്കയ്ക്കുവേണ്ടി ക്യാപ്റ്റൻ ദസണ് ശനക സെഞ്ചുറിയും ഓപ്പണർ പതും നിസാങ്ക അർധസെഞ്ചുറി നേടി. ശനക 88 പന്തിൽ 108 റണ്‍സുമായി പുറത്താകാതെ നിന്നു. നിസാങ്ക 80 പന്തിൽ 72 റണ്‍സ് സ്വന്തമാക്കി. ധനഞ്ജയ ഡിസിൽവയാണ് (47) ലങ്കൻ ഇന്നിംഗ്സിൽ ചെറുത്തുനിന്ന മറ്റൊരു ബാറ്റർ.
ഇന്ത്യക്കായി ഉമ്രാൻ മാലിക്ക് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് വീതം സ്വന്തമാക്കി.