സന്തോഷം ; കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ
Monday, January 9, 2023 12:41 AM IST
കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ നിലവിലെ ചാന്പ്യന്മാരായ കേരളം 20222023 സീസണ് ഫൈനൽ റൗണ്ടിനു നേരിട്ട് യോഗ്യത സ്വന്തമാക്കി. ഗ്രൂപ്പ് രണ്ട് യോഗ്യതാ പോരാട്ടത്തിലെ നിർണായക മത്സരത്തിൽ കേരളം 5-1ന് മിസോറമിനെ തകർത്തു. ഇതോടെ അഞ്ച് മത്സരങ്ങളിൽ അഞ്ചിലും ജയിച്ച് 15 പോയിന്റോടെ ഗ്രൂപ്പ് ചാന്പ്യന്മാരായി കേരളം 76ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ടിൽ ഇടംപിടിച്ചു.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളത്തിനായി നരേഷ് ഭാഗ്യനാഥൻ (30’, 65’) ഇരട്ടഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ട് (47’), ഗിഫ്റ്റി സി. ഗ്രേഷ്യസ് (77’), വിശാഖ് മോഹനൻ (85’) എന്നിവരും ലക്ഷ്യംകണ്ടു. മിസോറമിനായി മൽസംഫെല (80’) ആശ്വാസ ഗോൾ സ്വന്തമാക്കി.
മത്സരത്തിന്റെ തുടക്കത്തിൽ മിസോറമിന്റെ ആക്രമണങ്ങളായിരുന്നു. ആറാം മിനിറ്റിൽ മിസോറമിന്റെ ഷോട്ട് കേരളത്തിന്റെ ക്രോസ് ബാറിലിടിച്ച് തെറിച്ചു. 30-ാം മിനിറ്റിൽ നരേഷിലൂടെ കേരളം മിസോറമിന്റെ വലകുലുക്കി. ഷോട്ട് ക്ലിയർ ചെയ്യുന്നതിൽ പിഴവുവരുത്തിയ മിസോറം ഗോൾകീപ്പറുടെ ശരീരത്തിൽതട്ടിയ പന്ത് നേരെയെത്തിയത് നരേഷിന്റെ കാലിലേക്കാണ്.
ആദ്യപകുതിയിൽ ലീഡ് ഉയർത്താനുള്ള മൂന്ന് സുവർണാവസരം കേരളം പാഴാക്കി. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ കേരളം ലീഡുയർത്തി. ഉജ്വലമായ ഒരു ഫ്രീകിക്കിലൂടെയായിരുന്നു നിജൊയുടെ ഗോൾ. 65-ാം മിനിറ്റിൽ കേരളം ലീഡ് 3-0 ആക്കി. അഞ്ച് പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് നരേഷ് തൊടുത്ത ഗ്രൗണ്ടർ ഗോൾ കീപ്പറെയും കാഴ്ചക്കാരനാക്കി മിസോറം വലയിൽ വിശ്രമിച്ചു. 76-ാം മിനിറ്റിൽ ഗിഫ്റ്റി ഗ്രേഷ്യസിലൂടെ കേരളം വീണ്ടും ഗോൾ നേടി. എന്നാൽ, 80-ാം മിനിറ്റിൽ മിസോറം മൽസംഫെലയിലൂടെ ഒരു ഗോൾ മടക്കി. ഫ്രീകിക്കിലൂടെയായിരുന്നു ഗോൾ.
ആ ഗോളിന്റെ ആഘോഷം അവസാനിക്കുന്നതിനു മുന്പ് മിസോറം വലയിൽ വീണ്ടും കേരളം പന്ത് നിക്ഷേപിച്ചു. റഹീമിന്റെ ക്രോസിൽ നിന്നായിരുന്നു വിശാഖിന്റെ ഗോൾ.
ഗ്രൂപ്പ് രണ്ടിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 24 ഗോളാണ് കേരളം എതിർ ടീമുകളുടെ വലയിൽ നിക്ഷേപിച്ചത്. രണ്ട് ഗോൾ മാത്രമാണ് വഴങ്ങിയത്. 22 ആണ് കേരളത്തിന്റെ ഗോൾ വ്യത്യാസം. മിസോറവും ബിഹാറുമാണ് കേരള വലയിൽ യോഗ്യതാ റൗണ്ടിൽ പന്ത് എത്തിച്ചത്.