സഞ്ജു പുറത്ത്
Thursday, January 5, 2023 1:25 AM IST
പൂന: ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളിതാരം സഞ്ജു വി. സാംസണ് ഉണ്ടായേക്കില്ലെന്നു സൂചന. ആദ്യ ട്വന്റി-20ക്കിടെ കാൽമുട്ടിനു പരിക്കേറ്റ സഞ്ജു മുംബൈയിൽ തുടരുകയാണെന്നാണു റിപ്പോർട്ട്.
ഡൈവ് ചെയ്തു ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ മുട്ടിനു പരിക്കേറ്റ സഞ്ജുവിനെ സ്കാനിംഗിനു വിധേയമാക്കുമെന്നും സൂചനയുണ്ട്. ഇന്നു പൂനയിൽ നടക്കുന്ന രണ്ടാം ട്വന്റി-20ക്കായുള്ള ഇന്ത്യൻ ടീമിനൊപ്പം സഞ്ജു യാത്ര തിരിച്ചില്ല എന്നാണു റിപ്പോർട്ട്.
ആദ്യമത്സരത്തിൽ രണ്ടു റണ്‍സിന്റെ നേരിയ ജയം നേടിയ ഹാർദിക് പാണ്ഡ്യയും സംഘവും, ഇന്നും ജയം തുടർന്ന് മൂന്നു മത്സര പരന്പര സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ്.
വിമർശനമേറ്റ് സഞ്ജു
ആദ്യ ട്വന്റി-20യിൽ ദയനീയ ബാറ്റിംഗ് കാഴ്ചവച്ച സഞ്ജു സാംസൺ സമൂഹമാധ്യമങ്ങളിലടക്കം ശക്തമായ വിമർശനം നേരിട്ടു. ആറു പന്തിൽ അഞ്ച് റണ്‍സ് മാത്രമാണ് സഞ്ജു എടുത്തത്. അതും ഒരു ലൈഫ് ലഭിച്ചശേഷമായിരുന്നു എന്നതും ശ്രദ്ധേയം. ഷോട്ട് സെലക്ഷന്റെ പേരിലാണു സഞ്ജു ഏറ്റവും വിമർശനം നേരിട്ടത്. ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സഞ്ജുവിനു സാധിക്കുന്നില്ല എന്നും വിമർശനം ഉയർന്നു.
ലങ്കൻ ഇന്നിംഗ്സിലെ ആദ്യ ഓവറിൽ സഞ്ജുവിന്റെ കൈ ചോർന്നിരുന്നു. ഡൈവ് ചെയ്ത് പന്ത് കൈപ്പിടിയിൽ ഒതുക്കിയെങ്കിലും ലാൻഡ് ചെയ്തപ്പോൾ കൈയിൽനിന്നു പന്ത് തെറിച്ചു. കാൽമുട്ടിനു പരിക്കേറ്റ ഡൈവിംഗ് പിഴച്ചപ്പോൾ ബൗണ്ടറി വഴങ്ങുകയും ചെയ്തു. എന്നാൽ, മത്സരത്തിൽ രണ്ട് ക്യാച്ച് സഞ്ജു എടുത്തിരുന്നു.