ചെസ് ഒളിന്പ്യാഡ്: വനിത എ ടീം ഒന്നാമത്
Wednesday, August 3, 2022 11:45 PM IST
സോബിച്ചൻ തറപ്പേൽ
ചെന്നെെ: ചെസ് ഒളിന്പ്യാഡിന്റെ ആറാം റൗണ്ടു മത്സരത്തിൽ ഇന്ത്യയുടെ ആറു ടീമുകൾ മത്സരിച്ചപ്പോൾ മൂന്നു വിജയവും രണ്ടു സമനിലയും ഒരു തോൽവിയും രുചിച്ചറിഞ്ഞു. അഞ്ചു റൗണ്ടുകളിൽ വിജയകൊടിപാറിച്ച യുവനിര ഇന്ത്യ ബി ടീം ആദ്യ തോൽവി ഏറ്റുവാങ്ങി.
പോയിന്റു നിലയിൽ മുൻപന്തിയിലുണ്ടായിരുന്ന അർമേനിയയോടാണ് തോറ്റത്. ഒന്നാം ബോർഡിൽ ഇന്ത്യയുടെ ഡി. ഗുകേഷ് ഗബ്രിയേൽ സർഗേസിയനെ തോൽപിച്ചപ്പോൾ നിഹാൽസരിൻ ഹ്രാന്ത് മെൽകുമ്യാനുമായി സമനിലപാലിച്ചു. ബി. അധിപനും റാനാക് സദിവാനിയും തോൽവി ഏറ്റുവാങ്ങിയതോടെ 2.5- 1.5 എന്ന സ്കോറിന് ജയം അർമേനിയയുടെതായി. ഡി. ഗുകേഷിന്റെ തുടർച്ചയായ ആറാം ജയമാണ്.
ഇന്ത്യൻ ബി ടീം ശക്തരായ ഉസ്ബസ്കിസ്ഥാനുമായി 2-2 എന്ന സ്കോറിന് സമനിലയിൽപിരിഞ്ഞു. ഇന്ത്യൻ സി ടീം 3.5 - 0.5 എന്ന സ്കോറിന് ലിത്വാനിയയെ തകർത്തു. വനിതാ വിഭാഗത്തിൽ ഇന്ത്യ എ ടീം വിജയയാത്ര തുടരുന്നു. ആറാം റൗണ്ടു മത്സരത്തിൽ ശക്തരായ ജോർജിയയെ ഇന്ത്യ 3 - 1 ന് തറപറ്റിച്ചു. ഇന്നു വിശ്രമദിനമാണ്.ഓപ്പണ്വിഭാഗത്തിൽ ഇന്ത്യ ബി ടീം മൂന്നാമതും ഇന്ത്യ എ ടീം ആറാമതും ഇന്ത്യ സി ടീം ഒന്പതാമതുമാണ്. വനിതാവിഭാഗത്തിൽ ഇന്ത്യ എ ടീം ഒറ്റയ്ക്കു ലീഡുചെയ്യുന്നു.