സ്മിത്തിനെ ഡൽഹിയിലെത്തിച്ചത് ആർസിബിയുടെ കുതന്ത്രം!
Tuesday, February 23, 2021 11:55 PM IST
ബംഗളൂരു: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2021 സീസണിലേക്കുള്ള കളിക്കാരുടെ ലേലത്തിൽ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ ഡൽഹി കാപ്പിറ്റൽസിലെത്തിച്ചത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കുതന്ത്രം. തങ്ങളുടെ തന്ത്രത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് വീഴുമെന്നായിരുന്നു ആർസിബി കരുതിയത്. എന്നാൽ, ചക്കിനുവച്ചത് കൊക്കിനുകൊണ്ടു എന്നു പറഞ്ഞതുപോലെ സ്മിത്ത് ഡൽഹിയിലെത്തി.
ഗ്ലെൻ മാക്സ്വെല്ലിനെ ചെന്നൈ സ്വന്തമാക്കാതിരിക്കാനുള്ള നീക്കമായിരുന്നു ആർസിബി നടത്തിയത്. ഇതിനായി ആർസിബി ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറായ മൈക്ക് ഹെസന്റെ നേതൃത്വത്തിൽ ലേലം വിളിയുടെ റിഹേഴ്സലും നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ആർസിബി ഇന്നലെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
സ്മിത്തിന്റെ അടിസ്ഥാന വിലയായ രണ്ടു കോടിക്ക് ആദ്യം താത്പര്യം അറിയിച്ചത് ആർസിബി ആയിരുന്നു. എന്നാൽ, ആർസിബി ലേലം വിളിയിൽനിന്ന് പിൻവാങ്ങിയതോടെ 2.20 കോടിക്ക് ഡൽഹി കാപ്പിറ്റൽസ് സ്മിത്തിനെ സ്വന്തമാക്കി. സ്മിത്തിനെ ചെന്നൈ സ്വന്തമാക്കിയാൽ പിന്നെ അവർക്ക് മാക്സ്വെല്ലിനായി ഉയർന്ന തുക മുടക്കാനാവില്ലെന്നായിരുന്നു ആർസിബിയുടെ വിലയിരുത്തൽ. 14.25 കോടി രൂപയ്ക്കാണ് ആർസിബി മാക്സ്വെല്ലിനെ ടീമിലെത്തിച്ചത്.