ബുംറയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ഷാമി
Sunday, February 16, 2020 2:05 AM IST
ഹാമില്ട്ടണ്: രണ്ട്, നാലു ഏകദിന മത്സരങ്ങളിലെ പ്രകടനം മോശമായതിന്റെ പേരില്‍ ജസ്പ്രീത് ബുംറ ഇന്ത്യക്ക് നല്കിയ നിരവധി വിജയങ്ങളെ ആളുകള്‍ക്ക് എങ്ങനെ മറക്കാനാകുമെന്ന് സഹ പേസര്‍ മുഹമ്മദ് ഷാമി. ന്യൂസിലന്‍ഡിനോട് ഇന്ത്യ തോറ്റ മൂന്ന് ഏകദിനത്തിലും ബുംറയ്ക്ക് വിക്കറ്റ് നേടാനായിരുന്നില്ല.
ഇതേത്തുടര്‍ന്ന് ബുംറയുടെ പ്രകടനത്തെ ആളുകള്‍ കുറ്റപ്പെടുത്താന്‍ തുടങ്ങി. ഒന്നു രണ്ടു മത്സരങ്ങളില്‍ നല്ല പ്രകടനം നടത്താനായില്ല എന്നതിന്റെ പേരില്‍ നിര്‍ണായഘട്ടങ്ങളില്‍ പലപ്പോഴും വിജയങ്ങള്‍ സമ്മാനിച്ച ബുംറയുടെ മികവിനെ എങ്ങനെ ആളുകള്‍ക്ക് മറക്കാനാകുമെന്ന് ഷാമി ചോദിച്ചു. പരിക്കിനുശേഷമാണ് ബുംറ ന്യൂസിലന്‍ഡ് പര്യടനത്തിലെത്തിയതെന്നും അദ്ദേഹം ശക്തമായിതന്നെ തിരിച്ചെത്തുമെന്നും ഷാമി പറഞ്ഞു.