വീണത് 20 വിക്കറ്റ്; അതിൽ 17ഉം അബോട്ടിന്
Thursday, September 19, 2019 11:26 PM IST
ലണ്ടൻ: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ ഹാംഷെയറിന്റെ 63 വർഷം പഴക്കമുള്ള റിക്കാർഡ് പഴങ്കഥയാക്കി ദക്ഷിണാഫ്രിക്കൻ പേസർ കെയ്ൽ അബോട്ട്. ഫസ്റ്റ് ക്ലാസ് മത്സരത്തിൽ 17 വിക്കറ്റ് വീഴ്ത്തിയാണ് അബോട്ട് റിക്കാർഡ് കുറിച്ചത്.
സോമർസെറ്റിനെതിരായ മത്സരത്തിൽ അബോട്ട് രണ്ട് ഇന്നിംഗ്സിൽനിന്നായി 86 റണ്‍സ് വഴങ്ങിയാണ് 17 വിക്കറ്റ് വീഴ്ത്തിയത്. 1956ൽ ഇംഗ്ലീഷ് സ്പിന്നർ ജിം ലേക്കർ ഓസ്ട്രേലിയയ്ക്കെതിരേ 90 റണ്‍സിന് 19 വിക്കറ്റ് വീഴ്ത്തിയതാണ് ലോകക്രിക്കറ്റിലെ റിക്കാർഡ്.
സോമർസെറ്റിനേതിരേ ആദ്യ ഇന്നിംഗ്സിൽ ഒന്‍പതും രണ്ടാം ഇന്നിംഗ്സിൽ എട്ടും വിക്കറ്റുകളാണ് അബോട്ട് വീഴ്ത്തിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച 11-ാമത്തെ ബൗളിംഗ് പ്രകടനമാണിത്. മത്സരം ഹാംപ്ഷെയർ 136 റണ്‍സിന് ജയിച്ചു. സ്കോർ: ഹാംപ്ഷെയർ 196, 226, സോമർസെറ്റ്: 142, 144.