ഇംഗ്ലണ്ടിനു വേദന
Sunday, May 26, 2019 12:36 AM IST
ലണ്ടൻ: ഏകദിന ലോകകപ്പിലേക്ക് ദിനങ്ങൾ അടുക്കുന്പോൾ ഇംഗ്ലണ്ടിനു പരിക്കിന്റെ വേദന. ലോകകപ്പിൽ ഫേവറിറ്റുകളായ ഇംഗ്ലണ്ടിന്റെ പേസർമാരായ മാർക്ക് വുഡിനും ജോഫ്ര ആർച്ചർക്കും ഓസ്ട്രേലിയയ്ക്കെതിരായ പരിശീലന മത്സരത്തിനിടെ പരിക്കേറ്റു. 140 കിലോമീറ്റർ വേഗതയിൽ സ്ഥിരതയോടെ പന്തെറിയുന്ന ഇരുവരുടെയും പരിക്ക് ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷയ്ക്ക് തിരിച്ചടി സൃഷ്ടിച്ചേക്കും.
ഓസ്ട്രേലിയയ്ക്കെതിരായ പരിശീലന മത്സരത്തിനിടെ രണ്ടു പേരും മൈതാനം വിട്ടു. ഇടതു കാലിനു പരിക്കേറ്റ വുഡ് സ്കാനിംഗിനു വിധേയനാകും. മൈതാനം വിട്ട ആർച്ചർ ചെറിയ ശുശ്രുഷയ്ക്കുശേഷം കളത്തിൽ തിരിച്ചെത്തി. ഇടംകൈ സ്പിന്നറായ ലിയാം ഡൗസണും പരിക്കേറ്റിരുന്നു.
ഇംഗ്ലീഷ് ക്യാപ്റ്റൻ ഇയോൻ മോർഗനും പരിക്കിന്റെ പിടിയിലാണ്.
വെള്ളിയാഴ്ച പരിശീലനത്തിനിടെ വിരലിനു പരിക്കേറ്റ മോർഗൻ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല.