ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം തുറക്കാനൊരുങ്ങി ടെസ്ല
Tuesday, August 5, 2025 10:40 PM IST
മുംബൈ: മുംബൈയ്ക്കു പിന്നാലെ ഡൽഹിയിലും ഇലോണ്‍ മസ്കിന്റെ ടെസ്ല ഷോറൂം വരുന്നു. ഓഗസ്റ്റ് 11ന് എയ്റോസിറ്റിയുടെ അപ്സ്കെയിൽ വേൾഡ്മാർക്ക് 3 സമുച്ചയത്തിൽ പുതിയ എക്സ്പീരിയൻസ് സെന്റർ പ്രവർത്തനമാരംഭിക്കും എന്നാണ് റിപ്പോർട്ട്.
ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റിയുടെ ശ്രദ്ധേയകേന്ദ്രം കൂടിയാണിത്. കഴിഞ്ഞമാസം 15നായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയിൽ പ്രവർത്തനമാരംഭിച്ചത്.
ഇതിനിടെ കഴിഞ്ഞദിവസം ടെസ്ല ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ ചാർജിംഗ് സ്റ്റേഷൻ തുറന്നു. ബാന്ദ്ര-കുർള കോംപ്ലക്സിലെ വണ്‍ ബികെസിയിലാണ് ടെസ്ല തങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പുതുതായി ആരംഭിച്ച ചാർജിംഗ് സ്റ്റേഷനിൽ നാല് വി4 സൂപ്പർചാർജിംഗ് സ്റ്റാളുകളും നാല് ഡെസ്റ്റിനേഷൻ ചാർജിംഗ് സ്റ്റാളുകളും ഉൾപ്പെടുന്നു.മൂന്ന് ചാർജിംഗ് കേന്ദ്രങ്ങൾകൂടി മുംബൈയിൽ സ്ഥാപിക്കുമെന്നു കന്പനി അറിയിച്ചിട്ടുണ്ട്.
ലോവർ പട്ടേൽ, താനെ, നവി മുംബൈ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ ആദ്യ ആഴ്ചയോടെ ചാർജിംഗ് സൗകര്യങ്ങൾ ടെസ്ല ഒരുക്കുക.
ടെസ്ല നിലവിൽ ഇന്ത്യൻ വിപണിയിൽ ഇടത്തരം ഇലക്ട്രിക് എസ്യുവിയായ മോഡൽ വൈയുടെ രണ്ട് വേരിയന്റുകൾ മാത്രമാണ് വിൽക്കുന്നത്. ഇതിന്റെ റിയർ-വീൽ ഡ്രൈവ് വേരിയന്റിന് 59.89 ലക്ഷം മുതൽ വില ആരംഭിക്കുന്നു. ലോംഗ്-റേഞ്ച് റിയർ-വീൽ ഡ്രൈവ് വേരിയന്റിന് 67.89 ലക്ഷം മുതൽ വിലയുണ്ട്.