വണ്‍പ്ലസ് 13എസ് വ്യാഴാഴ്ച പുറത്തിറങ്ങും
Monday, June 2, 2025 1:38 AM IST
ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്ഫോണ്‍ നിർമ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 13എസ് വ്യാഴാഴ്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. വണ്‍പ്ലസ് 13 പോലെ ഫ്ലാഗ്ഷിപ്പ് ലെവൽ അല്ലെങ്കിലും, ഈ പുത്തൻ ഫോണിൽ സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റും കരുത്തുറ്റ ബാറ്ററിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ചൈനീസ് കന്പനിയും ഓപ്പോയുടെ സബ് ബ്രാൻഡുമായ വണ്‍പ്ലസ് പ്രീമിയം സെറ്റാണ് പുറത്തിറക്കുന്നത്. ചൈനീസ് സ്മാർട്ട്ഫോണ്‍ നിർമാതാക്കളായ വണ്‍പ്ലസ് ഈ വർഷമാദ്യം വണ്‍പ്ലസ് 13, 13 ആർ ഫോണുകൾ പുറത്തിറക്കിയിരുന്നു. വൺപ്ലസ് എസിൽ സ്നാപ് ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ഉൾപ്പെടെ ചില ഉയർന്ന നിലവാരമുള്ള സവിശേഷതകൾ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്.
ക്ലാസിക് അലർട്ട് സ്ലൈഡർ ഒഴിവാക്കി ഐഫോണുകളിലെ ആക്ഷൻ ബട്ടണിന് സമാനമായ ഒരു പുതിയ പ്ലസ് കീ പുതിയ സ്മാർട്ട്ഫോണിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സൗണ്ട് പ്രൊഫൈലുകൾ ടോഗിൾ ചെയ്യുക, കാമറ തുറക്കുക, വോയ്സ് റിക്കാർഡിംഗുകൾ ആരംഭിക്കുക തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്താൻ ഈ വൈവിധ്യമാർന്ന ബട്ടണ്‍ ഉപയോക്താക്കളെ പ്രാപ്തമാക്കും. ഇന്ത്യയിൽ ഫോണിന് ഏകദേശം 55000 രൂപ വില വരുമെന്നാണ് കരുതുന്നത്.