ഹെബ്രോണിൽ മൂന്ന് ഇസ്രേലി പോലീസുകാർ കൊല്ലപ്പെട്ടു
Monday, September 2, 2024 12:42 AM IST
ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിൽ റെയ്ഡ് തുടരുന്നതിനിടെ ഇസ്രേലി ചെക്പോസ്റ്റിനു നേർക്കുണ്ടായ വെടിവയ്പിൽ മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു.
ഇന്നലെ ഹെബ്രോണിലായിരുന്നു സംഭവം. ഖലീൽ അൽ റഹ്മാൻ ബ്രിഗേഡ് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റു. മുന്പ് കാര്യമായി കേട്ടിട്ടില്ലാത്ത സംഘടനയാണിതെന്നു പറയുന്നു. ആക്രമണമേഖലയോടു ചേർന്ന പലസ്തീൻ ഗ്രാമമായ ഇദ്ഹാനയിൽ ഇസ്രേലി സേന പരിശോധന നടത്തി. ഇതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രേലി സേന റെയ്ഡ് തുടരുന്നു.
അഞ്ചാം ദിനമായ ഇന്നലവരെ 24 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും തീവ്രവാദികളാണെന്നു പറയുന്നു. റെയ്ഡിൽ ജനിനിലെ അഭയാർഥി ക്യാന്പിൽ വ്യാപക നാശനഷ്ടമുണ്ടായി. ജനിൻ പരിസരത്തെ 70 ശതമാനം റോഡുകളും ബുൾഡോസർ ഉപയോഗിച്ചു നശിപ്പിച്ചു.