കോടതിയെ മറികടക്കാൻ നിയമം; പ്രതിഷേധവുമായി ഇന്തോനേഷ്യൻ ജനത
Thursday, August 22, 2024 11:16 PM IST
ജക്കാർത്ത: ചെറുകിട പാർട്ടികൾക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരമൊരുക്കുന്ന കോടതിവിധി അട്ടിമറിക്കാനായി ഇന്തോനേഷ്യൻ പാർലമെന്റ് നടത്തുന്ന നീക്കങ്ങളിൽ പ്രതിഷേധം ശക്തം.
തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തണമെങ്കിൽ പ്രാദേശിക അസംബ്ലികളിൽ 20 ശതമാനമെങ്കിലും പ്രാതിനിധ്യം പാർട്ടികൾക്കുണ്ടായിരിക്കണമെന്ന നിബന്ധനയാണു ഭരണഘടനാ കോടതി ബുധനാഴ്ച റദ്ദാക്കിയത്. പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ പാർട്ടിക്കാർ ഇരുപത്തിനാലു മണിക്കൂറിനകം വിധി അട്ടിമറിക്കാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു.
ഇന്നലെ ജക്കാർത്തയിലെ പാർലമെന്റിനു മുന്നിൽ വൻ പ്രതിഷേധപ്രകടനമുണ്ടായി. യോഗ്യകർത്ത, ബാൻഡുംഗ്, പഡാംഗ് നഗരങ്ങളിലും റാലികൾ അരങ്ങേറി.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായപരിധി 30 വയസായി നിലനിർത്തിയ കോടതി തീരുമാനം മറികടക്കാനുള്ള നീക്കവും സർക്കാർ നടത്തുന്നുണ്ട്. പ്രസിഡന്റ് വിഡോഡോയുടെ 29 വയസുള്ള ഇളയ മകനെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സിരിപ്പിക്കാനാണിത്.
വിഡോഡോയുടെ മൂത്തമകൻ ജിബ്രാനാണ് അടുത്ത വൈസ് പ്രസിഡന്റ്. ഒക്ടോബറിൽ സ്ഥാനമൊഴിയുന്ന വിഡോഡോയ്ക്കു പകരം പ്രബോവോ സുബിയാന്തോ സ്ഥാനമേൽക്കും.