റഷ്യയുടെ ആയിരം ചതുരശ്ര കിലോമീറ്റർ നിയന്ത്രണത്തിലാക്കി: യുക്രെയ്ൻ
Wednesday, August 14, 2024 12:26 AM IST
കീവ്: ആയിരം ചതുരശ്ര കിലോമീറ്റർ റഷ്യൻ പ്രദേശം നിയന്ത്രണത്തിലാക്കിയെന്നു യുക്രെയ്ൻ. റഷ്യക്കുള്ളിൽ ആക്രമണം തുടരുകയാണെന്നും യുക്രെയ്ൻ സൈനികമേധാവി ഒലക്സാണ്ടർ സിർസ്കി അവകാശപ്പെട്ടു.
ഒരാഴ്ച മുന്പ് അതിർത്തി കടന്ന യുക്രെയ്ൻ സേനയെ തുരത്താൻ റഷ്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടര വർഷമായി യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.
പടിഞ്ഞാറൻ റഷ്യയിലെ കുർസ് മേഖലയിൽ കടന്ന യുക്രെയ്ൻ സേന 30 കിലോമീറ്റർ വരെ മുന്നോട്ടു പോയെന്നാണ് റിപ്പോർട്ട്. 28 ഗ്രാമങ്ങൾ യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലായെന്നു കുർസ്ക് ഗവർണർ അലക്സി സ്മിർണോവ് കഴിഞ്ഞദിവസം റഷ്യൻ പ്രസിഡന്റ് പുടിനെ അറിയിച്ചിരുന്നു. റഷ്യൻ അധികൃതർ മേഖലയിൽനിന്ന് 59,000 പേരെക്കൂടി ഒഴിപ്പിച്ചു മാറ്റുകയാണ്. നേരത്തേ 1.21 ലക്ഷം പേരെ ഒഴിപ്പിച്ചുമാറ്റിയിരുന്നു.
അതേസമയം, ആയിരം കിലോമീറ്റർ പ്രദേശം യുക്രെയ്ൻ നിയന്ത്രണത്തിലാക്കിയെന്ന വാദം ശരിയാകാൻ സാധ്യതയില്ലെന്നാണു പാശ്ചാത്യ യുദ്ധനിരീക്ഷകർ അഭിപ്രായപ്പെട്ടത്. റഷ്യയിൽ കടന്ന് ആക്രമണം നടത്തിയതു യുക്രെയ്ൻ സേനയുടെ മനോവീര്യം വർധിപ്പിക്കാമെങ്കിലും പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടി.
റഷ്യൻ സേന യുക്രെയ്ൻ ജനവാസകേന്ദ്രങ്ങളിൽ കൂടുതൽ ആക്രമണം നടത്താനുള്ള സാധ്യതയുണ്ട്. യുക്രെയ്ന്റെ ആക്രമണം പ്രകോപനമാണെന്നാണ് പുടിൻ പറഞ്ഞത്.