അഭിപ്രായ സർവേയിൽ കമലയ്ക്ക് ട്രംപിനേക്കാൾ ലീഡ്
Thursday, July 25, 2024 2:31 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വം ഉറപ്പിച്ച ഇന്ത്യൻ വംശജയായ വൈസ് പ്രസിഡന്റ് കമല ഹാരിസ് എതിരാളിയും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനേക്കാൾ മുന്നിലെന്ന് അഭിപ്രായ സർവേ. റോയിട്ടേഴ്സും ഇപ്സോസും ചേർന്നു നടത്തിയ സർവേയിൽ കമലയ്ക്ക് 44ഉം ട്രംപിന് 42ഉം ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.
പ്രസിഡന്റ് ജോ ബൈഡൻ ഞായറാഴ്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വത്തിൽനിന്നു പിന്മാറിയെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ആയിരുന്നു സർവേ. കഴിഞ്ഞയാഴ്ചത്തെ സർവേയിൽ കമലയും ട്രംപും 44 ശതമാനവുമായി തുല്യനിലയിലായിരുന്നു.
സർവേ ഫലത്തിൽ കാര്യമില്ലെന്നാണു ട്രംപിന്റെ പ്രചാരണ ടീം പ്രതികരിച്ചത്. കമലയുടെ സ്ഥാനാർഥിത്വത്തിനു ലഭിച്ച മാധ്യമശ്രദ്ധയാണു സർവേയിൽ ലീഡ് കൂടാൻ കാരണമായതെന്ന് ട്രംപിന്റെ ടീം അഭിപ്രായപ്പെട്ടു.
അതേസമയം, മോർണിംഗ് കൺസൽട്ട് പോൾ, പബിഎസ് ന്യൂസ്/എൻപിആർ/മാരിസ്റ്റ് പോൾ എന്നീ സർവേകളിൽ കമലയ്ക്കെതിരേ ട്രംപിനു ലീഡുണ്ട്.
ട്രംപിനെ കടന്നാക്രമിച്ചു
മിൽവാക്കി: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയെന്ന നിലയിലെ ആദ്യപ്രചാരണ പരിപാടിയിൽ എതിരാളി ഡോണൾഡ് ട്രംപിനെ കടന്നാക്രമിച്ച് കമല ഹാരിസ്.
കലിഫോർണിയ അറ്റോർണി ജനറലായി പ്രവർത്തിച്ച കാലത്ത് പ്രോസിക്യൂട്ട് ചെയ്ത തട്ടിപ്പുകാരോടാണു ട്രംപിനെ കമല ഉപമിച്ചത്. സ്ത്രീപീഡകർ, തട്ടിപ്പുകാർ, വഞ്ചകർ തുടങ്ങി എല്ലാത്തരം കുറ്റവാളികളെയും കൈകാര്യം ചെയ്തിട്ടുണ്ടെന്നും ട്രംപ് ഏതു തരക്കാരനാണെന്നു തനിക്കറിയാമെന്നും കമല കൂട്ടിച്ചേർത്തു.
വിസ്കോൺസിനിലെ മിൽവാക്കി നഗരത്തിൽ നടന്ന റാലിയിൽ മൂവായിരം പേർ പങ്കെടുത്തു. തോക്ക് ഉപയോഗം നിയന്ത്രിക്കൽ, ഗർഭച്ഛിദ്രാവകാശം വീണ്ടെടുക്കൽ, എല്ലാവർക്കും താങ്ങാവുന്ന ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങൾക്കു മുൻഗണന നല്കുമെന്ന് കമല ഹാരിസ് പറഞ്ഞു.